തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക നിയമനത്തില്‍ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് നടപടി. 2025 ഓഗസ്ത് 31-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സര്‍വീസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നും മന്ത്രി അറിയിച്ചു.
2025 സെപ്തംബര്‍ 1ലെ സുപ്രീം കോടതി വിധിന്യായ പ്രകാരം അര്‍ടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെയുള്ളവയക്ക് വിധി ബാധകമാണ്. ഈ സാഹചര്യത്തില്‍ അധ്യാപകര്‍ക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കും. അധ്യാപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ യോഗ്യത നേടാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
5 വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസ് ശേഷിക്കുന്ന അധ്യാപകര്‍ക്ക് കെ- ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കല്‍ പ്രായം വരെ സര്‍വീസില്‍ തുടരാം. എന്നാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ കെ-ടെറ്റ് നിര്‍ബന്ധമാണ്. 5 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ബാക്കിയുള്ള അധ്യാപകര്‍ വിധി വന്ന തീയതി മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിന് സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates