

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് കാലത്തുള്ള ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം. ജനങ്ങളെ നേരിടാൻ ജാള്യതയും വിഷമവും നേരിടുന്ന ഘട്ടത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള വാക്കുകൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പന്തളം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വംമന്ത്രി അല്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാർത്ഥത ഉള്ളതാണെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാര ലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണം. സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്ങ്മൂലം പുതുക്കി നൽകുമെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.
അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും പന്തളം കൊട്ടാരം ചൂണ്ടിക്കാട്ടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ വിഷമമുണ്ട്, ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
കടകംപള്ളിയുടെ ഖേദപ്രകടനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും രംഗത്ത് വന്നിരുന്നു. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം തീരില്ല. ശബരിമലയിൽ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കിൽ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ് മൂലം നൽകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
