

തിരുവനന്തപുരം: പിരിച്ചുവിട്ട പബ്ലിസിറ്റി ആന്‍ഡ് റിസര്‍ച്ച് ഓഫിസറെ (പിആര്‍ഒ) തിരിച്ചെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് രാജ്ഭവനില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടികെ നാരായണന്‍.
പിആര്‍ഒയായിരുന്ന ആര്‍ ഗോപീകൃഷ്ണനെ പിരിച്ചുവിടാനുള്ള തീരുമാനം സര്‍വകലാശാലയുടെ പരാമാധികാര സമിതിയായ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റേതാണെന്നും ഇതിന്റെ പേരില്‍ വ്യക്തിപരമായി ഹാജരാകാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വിസി വ്യക്തമാക്കി.
ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഒരംഗം മാത്രമാണ് വിസി. കലാമണ്ഡലം സര്‍വകലാശാല നിയമാവലി പ്രകാരം വ്യക്തിപരമായി തെളിവെടുപ്പിന് നേരിട്ട് ഹാജരാകുന്നതിന് നിര്‍ബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ല.
ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനം നടപ്പാക്കേണ്ടത് മുഖ്യ നിര്‍വഹണ അധികാരി എന്ന നിലയില്‍ വിസിയില്‍ നിക്ഷിപ്തമായ അധികാരമാണ്. ആ തീരുമാനം നടപ്പാക്കുന്നതിന്റെ പേരില്‍ തന്നെ വ്യക്തിപരമായി വിളിച്ചുവരുത്താന്‍ കഴിയില്ല. ഇതിന് പര്യാപ്തമായ നിയമവ്യവസ്ഥ ഗവര്‍ണറോ ഗവര്‍ണറുടെ സെക്രട്ടറിയോ ഇതുസംബന്ധിച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല.-വിസി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates