കണ്ണൂര്‍: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. വിശദവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ബോംബ് എറിഞ്ഞ സംഘത്തിലെ പ്രധാനിയാണ് അക്ഷയ് എന്നും പ്രതികളെ തിരിച്ചറഞ്ഞതായും അസിസ്റ്റന്റ് കമ്മീഷണര്‍ പിപി സദാനന്ദന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. മൃതദേഹം മാറ്റാന്‍ വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഉടന്‍ ആശുപത്രിയിലെത്തിക്കണം. എന്നാല്‍ തലയോട്ടി ചിന്നിച്ചിതറിയെ ഒരാളെ പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അതിന് സമയം എടുക്കും. നിയമനടപടികള്‍ സ്വീകരിച്ച് മാത്രമെ അത് ചെയ്യാന്‍ കഴിയുകയുള്ളു. അക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്ണു (26) ആണു ഞായറാഴ്ച ബോംബേറില്‍ മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടന്‍, 100 മീറ്റര്‍ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരില്‍ നിന്നും തോട്ട!ടയില്‍ നിന്നുമുള്ള 2 വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് ഉണ്ടായത്. വിവാഹ പാര്‍ട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂര്‍ – തോട്ടട സംഘങ്ങള്‍ തമ്മില്‍ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂര്‍ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേല്‍ പതിക്കുകയുമായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates