'ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു, നടത്തിയത് രാജ്യദ്രോഹ പരാമർശം'; കെ സുരേന്ദ്രൻ

ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ആരോപിച്ചു
കെടി ജലീല്‍ - കെ സുരേന്ദ്രന്‍
കെടി ജലീല്‍ - കെ സുരേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം; കണ്ണൂരിലെ ട്രെയിൻ തീവയ്പ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവുമായി എംഎൽഎ കെടി ജലീൽ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ജലീലിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജലീൽ നടത്തിയത് രാജ്യദ്രോഹ പരാമർശമാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 

ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറ‌ഞ്ഞു. ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. കണ്ണൂരിലെ ട്രെയിൻ തീവയ്പ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവുമായി കെടി ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 

കെടി ജലീലിന്റെ കുറിപ്പ് 

ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗ്ഗീയ ധ്രുവീകരണമാണ്. തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് "അവർ"മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകർക്കാൻ എന്തും ചെയ്യും സംഘ് പരിവാരങ്ങൾ. കേരളത്തിൽ ഒരു  ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക. 
വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. "മലപ്പുറത്തെ ദൈവം രക്ഷിച്ചു"?! ഷഹീൻബാഗിൽ കെട്ടിത്തിരിയാതെ മാധ്യമങ്ങൾ ഗോധ്ര തീവണ്ടി ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?
രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്‌ഫോടനത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാർക്ക് കീഴ്ക്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമർശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിർദ്ദേശവും നൽകി. 
കണ്ണൂർ ട്രൈൻ കത്തിക്കലിൻ്റെ പശ്ചാതലത്തിൽ ഇതൊക്കെ "മാധ്യമ ഠാക്കൂർ സേന"യുടെ മനസ്സിൽ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാർത്തകൾ നൽകി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com