

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ മാത്രമേ നീക്കം വിജയിക്കുകയുള്ളുവെന്നും കാന്തപുരം പറഞ്ഞു.
യെമനില്‍ ഒരു പെണ്‍കുട്ടിയെ തൂക്കിക്കൊല്ലാന്‍ തീരമാനിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കിലും അവിടുത്തെ പണ്ഡിതന്‍മാരുമായി ബന്ധപ്പെട്ടതായി കാന്തപുരം പറഞ്ഞു. 'ഇസ്ലാമില്‍ കൊല്ലുന്നതിന് പകരം ചില പ്രായശ്ചിത്തങ്ങള്‍ ചെയ്യാന്‍ മതം അനുവദിക്കുന്നുണ്ട്. അക്കാര്യം അവിടെയുള്ളയുള്ള ആളുകളെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിന്റെ ചര്‍ച്ച അവിടെ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുബക്കാര്‍ മുഴുവന്‍ സമ്മതിക്കാതെ വിട്ടുകൊടുക്കാന്‍ കോടതിക്ക് അധികാരമില്ല. വീട്ടുകാര്‍ മുഴുവന്‍ സമ്മതിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നമ്മുടെ വാക്കുകൊണ്ട് ഇസ്ലാംമതത്തില്‍ അങ്ങനെയൊരു സൗകര്യമുണ്ടെന്നും ഇസ്ലാം ഒരു വര്‍ഗീയവാദത്തിന്റെ മതമല്ലെന്നും ലോകത്തിന് പഠിപ്പിച്ചുകൊടുക്കലും ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ ശ്രമിക്കലും ഞങ്ങളുടെ കര്‍ത്തവ്യമാണ് എന്ന നിലയ്ക്കാണ് ഞാന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുള്ളത്' കാന്തപുരം പറഞ്ഞു.
നിമിഷയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ യമന്റെ ചുമതലയുള്ള സൗദി എംബസിയോ ഇന്ത്യൻ വിദേശ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷാ തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി പ്രോസിക്യൂഷൻ മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. യമനിൽ മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമാണ്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് സാമുവലും അപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും നിമിഷപ്രിയ അഭ്യർഥിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates