

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സമരം ചെയ്യുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ മുഴുവന്‍ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകള്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമരം ചെയ്യട്ടേ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാനാണ്. എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ചെയ്തോളാന്‍. ഓണക്കാലത്ത് അവര്‍ ബസ് ഓടിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ 500 മുതല്‍ 600 വരെ ബസ് കിടപ്പുണ്ട്. പണി ചെയ്ത് കുട്ടപ്പനാക്കിയിട്ട ലോക്കല്‍ ബസുകള്‍. ഡീസലടിക്കുക, ഡ്രൈവറെ വെക്കുക, ഓടിക്കുക. അവര്‍ സമരം ചെയ്തോട്ടെ.' -ഗണേഷ് കുമാര്‍ പറഞ്ഞു.
'സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും.' -മന്ത്രി തുടര്‍ന്നു.
'പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ? കുട്ടികളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് പറഞ്ഞാല്‍, അവരുമായി ഒരു സമവായത്തിലെത്താതെ ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ എന്തായിരിക്കും ഇവിടെ സ്ഥിതി? എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിടുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ നില്‍ക്കണോ?' -ഗണേഷ് കുമാര്‍ പറഞ്ഞു.
'അവരുമായും കുട്ടികളുമായും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ചര്‍ച്ച നടത്തിയതാണ്. ആ ചര്‍ച്ചയില്‍ കുട്ടികള്‍ സമവായത്തിന് തയ്യാറായില്ല. അതൊന്നും കാര്യമുള്ള കാര്യമല്ല. ഇവര് അഞ്ച് രൂപ വെച്ചൊക്കെ വാങ്ങുന്നുണ്ട്. കൊടുക്കുന്നുമുണ്ട്. ആദ്യം അവര് മത്സര ഓട്ടം നിര്‍ത്തട്ടെ. കുട്ടികളുടെ കണ്‍സെഷന്‍ ആപ്പില്‍ വരും. ഈ ആഴ്ച ഞങ്ങളൊരു ആപ്പ് പുറത്തിറക്കുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആപ്പ് വഴി കുട്ടികള്‍ അപേക്ഷിക്കണം. അവര്‍ക്ക് ആപ്പ് വഴി പാസ് നല്‍കും. പാസില്ലാതെ കുട്ടികള്‍ കയറുന്നത് തെറ്റാണ്. സ്റ്റുഡന്റാണെന്ന് പറഞ്ഞ് 45 വയസുള്ളയാളും കയറിപ്പോകുന്നത് പറ്റില്ല. അതുകൊണ്ട് കണ്‍സെഷന്‍ കാര്‍ഡ് ആര്‍ടിഒമാര്‍ അനുവദിക്കും.' -ഗണേഷ് കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates