

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സിപി ജോണിന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നെന്നും മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഗണേഷ് കുമാര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുകയും ചെയ്യുന്നു'- ഗണേഷ് കുമാര്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന് താഴെ മുന്‍മന്ത്രിയെ അനുകൂലിക്കുന്നവരാണ് ഏറെയും. 'താങ്കളുടെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ അധ്വാനം പാഴായിപ്പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്നതില്‍ വിഷമമുണ്ട്. ശേഷം അഞ്ച് വര്‍ഷം കൊണ്ട് ഇനി കെ എസ് ആര്‍ ടി സി യെ തിരിച്ച് പിടിക്കുക അങ്ങേയറ്റം ദുഷ്‌ക്കരമാകും', 'ഇവന്മാരുടെ നുണ വിശ്വസിച്ച് വോട്ട് കുത്തികൊടുത്ത ജനങ്ങള്‍ ഇതെല്ലാം അനുഭവിക്കാന്‍ അര്‍ഹതയുള്ളവരാണ്.., അനുഭവിക്കട്ടെ', 'ഞങ്ങളെ മുന്‍ മുഖ്യന് ചിരിക്കാന്‍ അറിയില്ല പക്ഷെ ചതിക്കില്ല അതറിയാം', 'കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച കാണുന്നതില്‍ വിഷമം ഉണ്ട് സര്‍ എത്ര നന്നായി പോയ സിസ്റ്റം ഇങ്ങനെ ആക്കിയല്ലോ' എന്നിങ്ങനെ പോകുന്നു അനുകൂലിക്കുന്നവരുടെ കമന്റുകള്‍.
'താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം. താങ്കള്‍ ഗതാഗതം മന്ത്രിയായിരുന്ന സമയത്ത് താങ്കള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യത്തെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന് ഒരാളെ എങ്കിലും ഫ്രീയായിട്ട് കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു എങ്കില്‍ അത് സ്ത്രീ ജനങ്ങള്‍ക്ക് ഒരു സഹായം തന്നെയാണ്.ഒരുപാട് സ്ത്രീകള്‍ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് പോകുന്നുണ്ട് അവള്‍ക്ക് ഇത് വലിയ സഹായം തന്നെയാണ്. നിങ്ങളെ കൊണ്ട് ഇങ്ങനെയും പറ്റിയില്ലല്ലോ' ഇങ്ങനെ നീളുന്നു എതിര്‍ക്കുന്നവരുടെ കമന്റുകള്‍.
പൈസ ഇല്ലാത്ത ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്നായിരുന്നു മന്ത്രി സിപി ജോണിന്റെ പരാമര്‍ശം. മക്കളെ ഫീസ് നല്‍കി സ്വകാര്യസ്‌കൂളുകളില്‍ ചേര്‍ക്കുന്നു. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല, പകരം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുന്നതാണെന്നും മന്ത്രി പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.
'ബസിന് പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്‌കൂളുകളില്‍ പോലും വിടാതെയാണ് പൈസ കൊടുത്ത് സ്വകാര്യ സ്‌കൂളിലേക്ക് വിടുന്നത്. ആശുപത്രിയുടെ കാര്യം വന്നാല്‍ ഇതേ സ്ത്രീ തന്റെ അച്ഛനേയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയാണ്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദര്‍ശിനി വന്നാല്‍ സ്ത്രീകള്‍ തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികളുടെ കൈയില്‍ കാശില്ലെന്ന യാഥാര്‍ഥ്യമാണ് ഞങ്ങള്‍ പഠിക്കുന്നത്.' സിപി ജോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates