

ആലപ്പുഴ: അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നി മാറി നിലം പതിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെസി വേണുഗോപാല്‍ എംപി. പലപ്രാവശ്യം അപകട മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. മനുഷ്യജീവന് ഒരുവിലയും കൊടുക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. മേല്‍പ്പാത പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
'40ലധികം പേരാണ് അരൂര്‍ - തുറവൂര്‍ പാതിയില്‍ സര്‍വീസ് റോഡുമായി ബന്ധപ്പെട്ടുള്ള അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. മനുഷ്യജീവന് ഒരുവിലയും കല്‍പ്പിക്കാത്ത ഈ സമീപനം മാറ്റണം. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും എംപി എന്ന നിലയില്‍ നിവേദനം നല്‍കിയിരുന്നു. സര്‍വീസ് റോഡിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കുറ്റക്കാരാണ്. ദേശീയപാത അതോറിറ്റിയില്‍ നിന്നും എട്ടുകോടി വാങ്ങി സര്‍ക്കാര്‍ ഒരു വര്‍ഷമായി പെന്‍ഡിങ്ങില്‍ വച്ചിരിക്കുകയാണ്'- കെസി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, അപകടത്തില്‍ കരാര്‍ കമ്പനിയായ അശോക ബില്‍ഡ്‌കോണിനോട് റിപ്പോര്‍ട്ട് തേടിയതായി ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. ഗതാഗതനിയന്ത്രണം പാലിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എന്താണ് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. ഹൈഡ്രാളിക് ജാക്കിയില്‍ ഉണ്ടായ തകരാണ് അപകടകാരണമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ദേശീയപാത അതോറിറ്റിയുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു.
അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലാണ് ഗര്‍ഡര്‍ പതിച്ചത്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates