

കൊച്ചി: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ രാജിവയ്ക്കണമെന്ന് കെസി. വേണുഗോപാല്‍ എംപി. വിസിമാര്‍ കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച് ഗണവേഷം കെട്ടി ആര്‍എസ്എസ് ശാഖകളിലേക്ക് പോകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.നാടിനെ ഒറ്റുകൊടുത്ത മതനിരപേക്ഷതയെ ബലി കൊടുക്കുന്നവര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്നും, വിസിമാര്‍ ഗവര്‍ണറുടെ സംരക്ഷണയില്‍ നിന്ന് ആര്‍എസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് നല്ലത് എന്നും വേണുഗോപാല്‍ പറഞ്ഞു.
'മോഹന്‍ ഭാഗവതിന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സര്‍വകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം. ആര്‍എസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളര്‍ത്താനോ ഈ നാട് അനുവദിക്കില്ല'- കെസി വേണുഗോപാല്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ആര്‍എസ്എസ് മേധാവിക്ക് മുന്നില്‍ ചൂട്ടുപിടിച്ച് വഴി കാണിച്ചുകൊടുക്കുന്നത്, അതേ ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്ക് നയിക്കേണ്ടവര്‍ തന്നെയാണെന്നത് ഈ നാടിന് തന്നെ അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികള്‍ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്ന് സര്‍വകലാശാലകളിലെ ഈ വൈസ് ചാന്‍സലര്‍മാര്‍.
മൂവരും അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആര്‍എസ്എസ് ശാഖകളില്‍ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആര്‍എസ്എസ് ചിന്ത തലച്ചോറില്‍ പേറുന്നവര്‍, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാന്‍ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവര്‍ണറുടെ സംരക്ഷണയില്‍ നിന്ന് ആര്‍എസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവര്‍ക്കും നല്ലത്. അതല്ലെങ്കില്‍, ശക്തമായ രാഷ്ട്രബോധം ഉള്ളില്‍പ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.
മോഹന്‍ ഭാഗവതിന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സര്‍വകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം. ആര്‍എസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളര്‍ത്താനോ ഈ നാട് അനുവദിക്കില്ല. എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളില്‍പ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്‌നേഹികളുടെ ചോരയല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates