

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ പ്രകടമായത് സമാനതകളില്ലാത്ത യുഡിഎഫ് തരംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപി അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. എന്നാല്‍, ബിജെപിയെ തടയുന്നതിന്റെ പേരില്‍ സിപിഎം പോലുള്ള കക്ഷികളുമായി അധികാരം പങ്കുവെക്കുന്നത് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി കഴിഞ്ഞ ഒരു കൊല്ലമായി നടത്തി വന്ന പ്രവര്‍ത്തനങ്ങളുടെ വിജയമാണ്. ഈ വിജയം സമ്മാനിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ട്. ജനം വെറുത്ത ഒരു സര്‍ക്കാരാണിത്. കഴിഞ്ഞ 10 കൊല്ലത്തെ ഭരണത്തിനിടയില്‍ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ ഇല്ല. കേന്ദ്രസര്‍ക്കാരിനോട് കീഴടങ്ങിയ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല, മറിച്ച് കൂട്ടായിട്ടുള്ള നേതൃത്വത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണ്. ആരാണ് ക്യാപ്റ്റനെന്ന ചോദ്യത്തിന്, ജനങ്ങളാണ് ക്യാപ്റ്റനെന്നും വേണുഗോപാല്‍ മറുപടി നല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേടിയ വിജയത്തില്‍ കോണ്‍ഗ്രസിന് ആഹ്ലാദമില്ല. തിരുവനന്തപുരത്ത് ബിജെപി നേടാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് വിജയത്തിനുശേഷം തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ ഒരേ ഒരു കാരണക്കാര്‍ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. പിഎം ശ്രീ, ലേബര്‍ കോഡ്, ദേശീയപാത അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് സിപിഎം അണികള്‍ക്കിടയില്‍ പോലും സംശയമുണ്ടാക്കിയിട്ടുണ്ട്.
ബിജെപിയോട് വളരെ മൃദുവായ സമീപനം സിപിഎം നേതാക്കള്‍ സ്വീകരിക്കുമ്പോള്‍, താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് സ്വീകരിച്ചുകൂടാ. അതുകൊണ്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം ശക്തികേന്ദ്രങ്ങലെല്ലാം ഒലിച്ചുപോയത്. പാര്‍ട്ടി നയം എന്തായാലും, മോദി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നതിനുമുമ്പേ നടപ്പിലാക്കി കാണിച്ചു കൊടുക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതാണ് അണികള്‍ക്ക് നല്‍കുന്ന സന്ദേശം. ഇതുമൂലം സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്ക് ബിജെപിയോട് അടുക്കുന്നതിനോ, അവര്‍ക്ക് വോട്ടു ചെയ്യുന്നതിനോ ഒരു മടിയുമില്ല.
അവസരത്തിനൊത്ത് നയം മാറേണ്ടതല്ല രാഷ്ട്രീയ നയങ്ങള്‍. എന്തു വന്നാലും ഞങ്ങളുടെ സമീപനമാണ് ശരിയെന്നാണ് സിപിഎം പറയുന്നത്. 2019 മുതല്‍ നടക്കുന്ന ശബരിമല സ്വര്‍ണക്കൊള്ളയെ പ്രോത്സാഹിപ്പിച്ചത് സിപിഎം നയിച്ച ദേവസ്വം ബോര്‍ഡാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ആരെയും കണ്ടുപിടിക്കില്ലായിരുന്നു. എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടും ആ പ്രതികളെ സിപിഎം ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
അമിത് ഷായുമായി കേരളത്തിന്റെ വിഷയങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും ഇല്ലാതെയുള്ള കൂടിക്കാഴ്ചകള്‍. അതില്‍, ചില മാനങ്ങള്‍ ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?. ഈ അന്തര്‍ധാരകള്‍ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കിയെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ വിജയമാണിത്. വിജയത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും പരിപാടികളുമായി ഇനി ഒരു ദിവസം പോലും കളയാതെ മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates