

പോരാട്ട വീര്യം നിറഞ്ഞതും ത്യാഗോജ്വലവുമായ ജീവിതത്തിനൊടുവില്‍ കെആര്‍ ഗൗരിയമ്മ വിടപറഞ്ഞതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്, എന്നു ജനപക്ഷത്തുനിന്ന ആ നേതാവിന്റെ പഴയൊരു നിയമസഭാ പ്രസംഗം. അറുപത്തിയെട്ടു വര്‍ഷം മുമ്പ് അന്നു 33 വയസ്സുണ്ടായിരുന്ന ഗൗരിയമ്മ നടത്തിയ പ്രസംഗം, കേരളത്തിലെ ആദ്യത്തെ ലോക്ക് ഡൗണ്‍ നിര്‍ദേശമാണെന്ന് ചൂണ്ടിക്കാട്ടുന്നു, സാമൂഹ്യ മാധ്യമങ്ങള്‍.
ഗൗരിയമ്മയുടെ പ്രസംഗം ഇങ്ങനെ:
മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാന്‍ പോകുന്ന മിഡ് വൈഫുമാര്‍ ചെയ്യുന്നത് എന്താണെന്നു നിങ്ങള്‍ക്കറിയുമോ, മിസ്റ്റര്‍ ഗോവിന്ദ മേനോന്‍ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടില്‍? അല്ലെങ്കില്‍ വസൂരിയുള്ള വീട്ടില്‍? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങള്‍ അറിയുന്നുണ്ടോ മിസ്റ്റര്‍ ഗോവിന്ദ മേനോന്‍?
'ഒന്നും വേണ്ട.... നാട്ടില്‍ കോളറയുണ്ട്, വസൂരിയുണ്ട്, പ്‌ളേഗുണ്ട് എന്നെങ്കിലും നിങ്ങള്‍ അറിയുന്നുണ്ടോ? ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാന്‍ ധൈര്യം ഈ മിഡ് വൈഫുമാര്‍ക്കു മാത്രമേയുള്ളു. അവര്‍ നിങ്ങള്‍ ഭരണക്കാരേപ്പോലെ അറച്ചു നില്‍ക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവര്‍ക്ക് ആഴ്ചയില്‍ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഖജനാവിനുമേല്‍ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.
'കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടര്‍ന്നു കയറുകയാണ്. ഒരു വീട്ടില്‍ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാന്‍ ആളുകളെ നിങ്ങള്‍ക്കൊന്നു തടഞ്ഞു നിര്‍ത്തിക്കൂടേ? പൊലീസിന്റെ ഉച്ചഭാഷിണികൊണ്ട് രോഗമുള്ള വീട്ടില്‍ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങള്‍ക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ? ഈ രോഗമൊന്നു നില്‍ക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാന്‍ ആവീടുകളില്‍ ചട്ടംകെട്ടാന്‍ നിങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
' ആളുകള്‍ പുറത്തിറങ്ങിയില്ലെങ്കില്‍ അവര്‍ക്ക് കഞ്ഞിക്കുവകയുണ്ടാവില്ല. അരി സര്‍ക്കാര്‍ കൊടുക്കണം. അതു നിങ്ങള്‍ക്കു കഴിയില്ല. ഞാന്‍ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങള്‍ക്കു വെളിവുണ്ടെങ്കില്‍, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടില്‍ തന്നെ ഇരുത്തുക. അവര്‍ക്കും മിഡ് വൈഫുമാര്‍ക്കും സര്‍ക്കാര്‍ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ?'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates