എറണാകുളം, എന്നും യുഡിഎഫ് മനസ്

പതിനാല് മണ്ഡലങ്ങളുള്ള ജില്ലയില്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ ഒന്‍പതും യുഡിഎഫിന് ഒപ്പം നിന്നു. അഞ്ച് മണ്ഡലങ്ങള്‍ ഇടത് ചേര്‍ന്നു നിന്നു
Kerala Assembly Election 2026 ernakulam district
Kerala Assembly Election 2026 ernakulam district
Updated on
3 min read

കേരളം ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്നപ്പോഴും എറണാകുളത്തിന് ചായ്‌വ് യുഡിഎഫിനോടായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പതിനാല് മണ്ഡലങ്ങളുള്ള ജില്ലയില്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ ഒന്‍പതും യുഡിഎഫിന് ഒപ്പം നിന്നു. അഞ്ച് മണ്ഡലങ്ങള്‍ ഇടത് ചേര്‍ന്നു നിന്നു.

Kerala Assembly Election 2026 ernakulam district
സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

പെരുമ്പാവൂര്‍

2001 മുതല്‍ ഇടത് ചേര്‍ന്ന് നിന്ന പെരുമ്പാവൂര്‍ മണ്ഡലം 2016 ല്‍ ആണ് സിപിഎമ്മിനെ കൈവിട്ടത്. 2011 ല്‍ മൂന്നാമൂഴം തികച്ച സാജു പോള്‍ 2016 ല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് എല്‍ദോസ് കുന്നപ്പള്ളിയോട് പരാജയപ്പെട്ടു. 2021 ലും എല്‍ദേസ് കുന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിലെ ബാബു ജോസറ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തിയാണ് എല്‍ദോസ് കുന്നപ്പള്ളി വിജയിച്ചത്. 2899 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.

അങ്കമാലി-

2011 ല്‍ എല്‍ഡിഎഫ് 2016, 21 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്. അങ്കമാലി 2011 ല്‍ ജെഡിഎസിന്റെ ജോസ് തെറ്റയില്‍ വിജയിച്ച മണ്ഡലം 2016 ല്‍ റോജി എം ജോണ്‍ യുഡിഎഫിന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 2021 ല്‍ റോജി എം ജോണ്‍ വിജയം ആവര്‍ത്തിച്ചു. ജോസ് തെറ്റയിലിനെ 15929 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റോജി എം ജോണിന്റെ വിജയം.

ആലുവ-

യുഡിഎഫ് ശക്തി കേന്ദ്രമാണ് ആലുവ. 2006 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി എ എം യുസഫ് മാത്രമാണ് ഇടത് പക്ഷത്തെ പ്രതിനിധീകരിച്ചത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് ആലുവയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു വരുന്നു. സിപിഎമ്മിന്റെ വി സലീമിനെ 18835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അന്‍വര്‍ സാദത്ത് മൂന്നാം ഊഴം സ്വന്തമാക്കിയത്.

കളമശ്ശേരി-

എറണാകുളം ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്നാണ് കളമശ്ശേരി. യുഡിഎഫില്‍ നിന്ന് മുസ്ലീം ലീഗ് മത്സരിക്കുന്ന മണ്ഡലം. 2011, 16 തെരഞ്ഞെടുപ്പുകളില്‍ ലീഗ് നേതാവ് വി കെ ഇബ്രാഹിം കുഞ്ഞാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 2021 ല്‍ പി രാജീവിലുടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ 15336 വോട്ടുകള്‍ക്കാണ് രാജീവ് പരാജയപ്പെടുത്തിയത്.

Kerala Assembly Election 2026 ernakulam district
മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

പറവൂര്‍-

ഇടതും വലതും ചേര്‍ന്ന് നിന്ന പാരമ്പര്യമുള്ള മണ്ഡലമാണ് പറവൂര്‍. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം. 2001 മുതല്‍ വി ഡി സതീശനാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

2021 ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എം ടി നിക്‌സണെ 21301 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വി ഡി അഞ്ചാമൂഴം നേടിയത്.

വൈപിന്‍-

പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെയാണ് വൈപ്പിനായി മാറിയത്. പിന്നീട് ഉറച്ച ഇടത് കോട്ട. 2011, 16 തെരഞ്ഞെടുപ്പുകളില്‍ എസ് ശര്‍മ വിജയം നേടി. 2021 ല്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ ദീപക് ജോയിയെ പരാജയപ്പെടുത്തിയായിരുന്നു കെ എന്‍ ഉണ്ണികൃഷ്ണന്റെ വിജയം.

കൊച്ചി-

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം. കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍ വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ കെ ജെ മാക്‌സിയും കൊച്ചിയില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ ടോണി ചമ്മിണിയെ പരാജയപ്പെടുത്തിയായിരുന്നു കെജെ മാക്‌സി രണ്ടാമൂഴം നേടിയത്. ഭൂരിപക്ഷം 14079.

തൃപ്പൂണിത്തുറ-

കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 1991 മുതല്‍ കെ ബാബുവാണ് ജനപ്രതിനിധി. 2016 ല്‍ കെ ബാബുവിന് കാലിടറി. സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് അട്ടിമറി വിജയം നേടി.

എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചു. എം സ്വരാജിനെ 1232 വോട്ടുകള്‍ക്കാണ് ബാബു മറികടന്നത്.

എറണാകുളം-

ജില്ലയിലെ നഗര മണ്ഡലം. 2001 മുതല്‍ യുഡിഎഫ് കൈവശം വയ്ക്കുന്ന മണ്ഡലം. 2011, 16 തെരഞ്ഞെടുപ്പുകളില്‍ ഹൈബി ഈഡന്‍ വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി വിജയിച്ചതോടെ 2019 ല്‍ ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ടി ജെ വിനോദ് വിജയിച്ചു. 2021 ല്‍ വിജയം ആവര്‍ത്തിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിനെ 10970 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ടി ജെ വിനോദ് വിജയം നേടിയത്.

തൃക്കാക്കര-

എറണാകുളം നഗര മണ്ഡലം, മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപികരിച്ച മണ്ഡലം കൂടിയാണ് തൃക്കാക്കര. 2011 ലെ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാന്‍ വിജയിച്ചു. 2016 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് വിജയം നേടി. 2021 ല്‍ പിടി വിജയം ആവര്‍ത്തിച്ചു. സിപിഎം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനെ ആയിരുന്നു പിടി തോമസ് പരാജയപ്പെടുത്തിയത്.

2022 ല്‍ പിടി തോമസിന്റെ മരണത്തിന് പിന്നാലെ മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് ഉപ തെരഞ്ഞെടുപ്പില്‍ വിജയം നേടി. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിനെ 25016 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഉമ തോമസിന്റെ വിജയം.

Kerala Assembly Election 2026 ernakulam district
കോണ്‍ഗ്രസിന് ചീത്തപ്പേര് മാറ്റണം, കോഴിക്കോട് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

കുന്നത്തുനാട്-

എറണാകുളം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം. ഇടതും വലതും ചേര്‍ന്ന് നിന്നുള്ള പാരമ്പര്യവും മണ്ഡലത്തിനുണ്ട്. 2011. 2016 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വി പി സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ നിന്നും വിജയം നേടി. 2021 ല്‍ പി വി ശ്രീനിജനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. വി പി സജീന്ദ്രനെ 2717 വോട്ടുകള്‍ക്കായിരുന്നു ശ്രീനിജന്‍ മറികടന്നത്.

പിറവം-

ജില്ലയിലെ കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം. യുഡിഎഫിനായി കേരള കോണ്‍ഗ്രസ് ജേക്കബ് മത്സരിക്കുന്ന മണ്ഡലം. ഇടത് പക്ഷത്തായാലും വലതുപക്ഷത്തായും കേരള കോണ്‍ഗ്രസ് ജെ വിജയിക്കുന്നതാണ് 1991 മുതലുള്ള പതിവ്. 2011 ല്‍ ടിഎം ജേക്കബ് വിജയിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ 2012 ല്‍ ഉപതെരഞ്ഞെടുപ്പ്. അനൂപ് ജേക്കബിലൂടെ മണ്ഡലം യുഡിഎഫ് നില നിര്‍ത്തി. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ അനൂപ് വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധി സിന്ധുമോള്‍ ജേക്കബിനെ 25364 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അനൂപിന്റെ മൂന്നാമൂഴം.

മൂവാറ്റുപുഴ-

2011 ല്‍ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കന്‍യ 2016 ല്‍ സിപിഐയിലെ എല്‍ദോ എബ്രഹാം, 2021 ല്‍ മാത്യൂ കുഴല്‍ നാടന്‍. ഒടുവിലെ തെരഞ്ഞെടുപ്പില്‍ എല്‍ദോ എബ്രഹാമിനെ 6961 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ പരാജയപ്പെടുത്തിയത്.

കോതമംഗലം-

2011 ല്‍ കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥിയായി യുഡിഎഫിലെ ടി യു കുരുവിള. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ആന്റണി ജോണ്‍. കേരള കോണ്‍ഗ്രസിലെ ഷിബു തെക്കുംപുറത്തെ 6605 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആന്റണി ജോണ്‍ രണ്ടാമൂഴം സ്വന്തമാക്കിയത്.

Kerala Assembly Election 2026 ernakulam district
കണ്ണൂര്‍: സിപിഎമ്മിന്റെ കോട്ട, യുഡിഎഫിന്റെ തുരുത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് എറണാകുളം

യുഡിഎഫ് തരംഗമായിരുന്നു 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഉണ്ടായത്. കോര്‍പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ജില്ലയിലെ 13 നഗരസഭകളില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് ഭരണം ലഭിച്ചില്ല. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ ഭരണം പിടിച്ചെടുത്തു. 2020ല്‍ 13 നഗരസഭകളില്‍ എട്ടെണ്ണമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്.

ഭരണം നിലനിര്‍ത്തിയ ജില്ലാ പഞ്ചായത്തില്‍ സീറ്റുകളുടെ എണ്ണവും യുഡിഎഫ് ഉയര്‍ത്തി. 2020 ല്‍ പതിനാറു സീറ്റായിരുന്നെങ്കില്‍ ഇത്തവണ 25 ആയി ഉയര്‍ന്നു. അതേസമയം, ഇടതുമുന്നണിക്ക് നാല് സീറ്റ് നഷ്ടമായി അംഗസംഖ്യ മൂന്നിലേക്ക് ചുരുങ്ങി. 2020ല്‍ രണ്ടു ഡിവിഷനുകള്‍ പിടിച്ച് ട്വന്റി-20ക്കും ഇത്തവണ അടിപതറി.

ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളില്‍ 66 എണ്ണം യുഡിഎഫ് നേടി. 2020-ല്‍ 51 പഞ്ചായത്തുകളായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്. ട്വന്റ് 20 കിഴക്കമ്പലവും ഐക്കരനാടും മാത്രം ഒതുങ്ങി.

പതിനാല് ബ്ലോക്ക് പഞ്ചായത്തില്‍ 12 എണ്ണം ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞതവണ നാലിടത്തായിരുന്നു ഭരണം. ഒന്‍പതിടത്ത് ഭരണമുണ്ടായിരുന്ന എല്‍എഫ് ഒന്നിലേക്ക് ഒതുങ്ങി.

Summary

Kerala Assembly Election 2026 ernakulam district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com