കോണ്‍ഗ്രസിന് ചീത്തപ്പേര് മാറ്റണം, കോഴിക്കോട് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

ലോക്‌സഭയിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ ഒരു തിരിച്ചുവരവിനാണ് 2021 ല്‍ കോണ്‍ഗ്രസ് കോഴിക്കോട് ശ്രമിക്കുന്നത്
Kozhikoe Election
Kozhikoe Election
Updated on
3 min read

രണ്ട് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെ സമ്പൂര്‍ണമായി കൈവിട്ട ജില്ലയാണ് കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല. എന്നാല്‍, ലോക്‌സഭയിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ ഒരു തിരിച്ചുവരവിനാണ് 2021 ല്‍ കോണ്‍ഗ്രസ് കോഴിക്കോട് ശ്രമിക്കുന്നത്.

Kozhikoe Election
കണ്ണൂര്‍: സിപിഎമ്മിന്റെ കോട്ട, യുഡിഎഫിന്റെ തുരുത്ത്

വടകര-

യുഡിഎഫിന്റെ രാഷ്ട്രീയ പരീക്ഷണം 2021 ല്‍ വിജയിച്ച മണ്ഡലമാണ് വടകര. കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ കളത്തിലിറക്കി യുഡിഎഫ് പിടിച്ചത് ഉറച്ച ഇടത് കോട്ട. എല്‍ജെഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ 7491 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ കെ രമ വിജയം കണ്ടത്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ എല്‍ജെഡി സ്ഥാനാര്‍ഥി സി കെ നാണുവായിരുന്നു എല്‍ഡിഎഫ് പ്രതിനിധിയായി വടകരയില്‍ നിന്ന് ജയിച്ചത്.

കുറ്റ്യാടി-

2011 ല്‍ സിപിഎം നേതാവ് കെകെ ലതികയും 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പാറക്കല്‍ അബ്ദുള്ളയും ജയിച്ച മണ്ഡലമാണ് കുറ്റ്യാടി. 2021 ല്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി കെ പി കുഞ്ഞഹമ്മദ് കുട്ടി മണ്ഡലം എല്‍ഡിഎഫിന്റെ അക്കൗണ്ടില്‍ എത്തിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ 333 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.

നാദാപുരം-

കോഴിക്കോട് ജില്ലയിലെ നാദാപുരം കാലങ്ങളായി ഇടത് അനുഭാവമുള്ള മണ്ഡലമാണ്. ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഏക മണ്ഡലവും നാദാപുരമാണ്. 2011 മുതല്‍ ഇ കെ വിജയന്‍ ആണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്.

കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാറിനെ 4035 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2021 ല്‍ ഇ കെ വിജയന്‍ വിജയിച്ചത്. ഇത്തവണ പി വസന്തമാണ് സിപിഐ സ്ഥാനാര്‍ഥി.

കൊയിലാണ്ടി-

ഉറച്ച ഇടത് മണ്ഡലമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ അധികമായി കൊയിലാണ്ടി. 2001 ലെ തെരഞ്ഞെടുപ്പിലാണ് മണ്ഡലത്തില്‍ അവസാനമായി യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 2011,2016 തെരഞ്ഞെടുപ്പുകളില്‍ കെ ദാസന്‍ ആണ് കൊയ്‌ലാണ്ടിയില്‍ നിന്നും വിജയിച്ചത്. 2021 ല്‍ കാനത്തില്‍ ജമീലയും വിജയം കണ്ടു. 8472 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല വിജയിച്ചത്. എംഎല്‍എ പദവിയിലിരിക്കെ 2025 നവംബര്‍ 29 ന് കാനത്തില്‍ ജമീല അന്തരിച്ചു.

Kozhikoe Election
കാളയും പശുവും കോണ്‍ഗ്രസിന്, കേരള കോണ്‍ഗ്രസിന് കുതിര; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ?

പേരാമ്പ്ര

1980 മുതല്‍ തുടര്‍ച്ചയായി സിപിഎം വിജയിച്ച് വരുന്ന മണ്ഡലമാണ് പേരാമ്പ്ര. 2021, 2016 തെരഞ്ഞെടുപ്പുകളില്‍ ടി പി രാമകൃഷ്ണനാണ് പേരാമ്പ്രയില്‍ നിന്ന് ജയിച്ചത്. 2011 ല്‍ കെ കുഞ്ഞഹമ്മദും വിജയിച്ചു. യുഡിഎഫ് സ്വതന്ത്രന്‍ സി എച്ച് ഇബ്രാഹിം കുട്ടിയെ 22592 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ടി പി രാമകൃഷ്ണന്‍ വിജയം നേടിയത്.

ബാലുശ്ശേരി-

കോഴിക്കോട് ജില്ലയിലെ ഏക പട്ടിക ജാതി സംവരണമണ്ഡലമാണ് ബാലുശ്ശേരി. നിലവില്‍ കെ എം സച്ചിന്‍ ദേവ് ആണ് ബാലുശ്ശേരി എംഎല്‍എ. 2021 ലെ തെരഞ്ഞെടുപ്പില്‍ സിനിമാ താരം കൂടിയായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ 20372 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് വിജയിച്ചത്. 2011, 16 തെരഞ്ഞെടുപ്പുകളില്‍ പുരുഷന്‍ കടലുണ്ടിയായിരുന്നു ബാലുശ്ശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്.

എലത്തൂര്‍-

എല്‍ഡിഎഫിന് വേണ്ടി എന്‍സിപി മത്സരിക്കുന്ന മണ്ഡലമാണ് എലത്തൂര്‍. 2011 മുതല്‍ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാം എകെ ശശീന്ദ്രനായിരുന്നു വിജയിച്ചത്. 2021 ലെ തെരഞ്ഞെടുപ്പില്‍ യിഡിഎഫ് സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയെ 38502 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.

കോഴിക്കോട് നോര്‍ത്ത്-

കോഴിക്കോട് നഗരം ഉള്‍പ്പെട്ട മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കാലങ്ങളായി ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലത്തില്‍ 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാവ് എ പ്രദീപ് കുമാറായിരുന്നു വിജയിച്ചത്. 2021 ല്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ കളത്തിലിറക്കി സിപിഎം വിജയം ആവര്‍ത്തിച്ചു. ബിജെപിയുടെ പിഎം സുരേഷ് ബാബുവിനെ 12928 വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയാണ് സിപിഎം രവിന്ദ്രനിലൂടെ മണ്ഡലം നിലനില്‍ത്തിയത്.

കോഴിക്കോട് സൗത്ത് -

2021 ല്‍ എല്‍ഡിഎഫ് ഐഎന്‍എല്ലിന് നീക്കിവച്ച മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. അഹമദ് ദേവര്‍ കോവില്‍ 12459 വോട്ടുകള്‍ക്ക് മുസ്ലീം ലീഗിന്റെ നൂര്‍ബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. 2016, 2011 തെരഞ്ഞെടുപ്പുകളില്‍ എം കെ മുനീര്‍ വിജയിച്ച മണ്ഡലമാണ് ഐഎന്‍എല്ലിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ബേപ്പൂര്‍-

കോഴിക്കോട് നഗരത്തോട് ചേര്‍ന്ന ഉറച്ച ഇടത് മണ്ഡലമാണ് ബേപ്പൂര്‍. 1982 മുതല്‍ സിപിഎം തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലത്തില്‍ 2021 ല്‍ പി എ മുഹമ്മദ് റിയാസ് ആണ് വിജയിച്ചത്. കോണ്‍ഗ്രസിലെ പിഎം നിയാസിനെ പരാജയപ്പെടുത്തിയായിരുന്നു റിയാസിന്റെ വിജയം. 28747 വോട്ടായിരുന്നു ഭൂരിപക്ഷം.

2016 ല്‍ വികെസി മുഹമ്മദ് കോയ, 2011ല്‍ എളമരം കരീം എന്നിവും ബേപ്പൂരില്‍ നിന്ന് നിയമസഭയിലെത്തി.

കുന്നമംഗലം-

എല്‍ഡിഎഫിന്റെ ഇടത് സ്വതന്ത്ര തന്ത്രം ഫലപ്രഥമായി വിജയിച്ച മണ്ഡലമാണ് കുന്നമംഗലം. ഇടത് സ്വതന്ത്രനായി പിടിഎ റഹീം 2011 മുതല്‍ മണ്ഡലത്തില്‍ വിജയം നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണയെ 10276 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു പിടിഎ റഹീമിന്റെ വിജയം.

കൊടുവള്ളി

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഇടതിനും വലതിനും ഒപ്പം നിന്ന മണ്ഡലമാണ് കൊടുവള്ളി. യുഡിഎഫില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് എംകെ മുനീറാണ് 2021 ല്‍ വിജയിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിനെ 6344 വോട്ടുകള്‍ക്കാണ് എം കെ മുനീര്‍ പരാജയപ്പെടുത്തിയത്. 2.16 ല്‍ കാരാട്ട് റസാഖായിരുന്നു കൊടുവള്ളിയില്‍ വിജയിച്ചത്. 2011 ല്‍ ലീഗ് സ്ഥാനാര്‍ഥിയായി വി എം ഉമ്മറും വിജയിച്ചു.

തിരുവമ്പാടി-

നിലവില്‍ ഇടതുപക്ഷത്തെങ്കിലും യുഡിഎഫിനോട് ചേര്‍ന്നു നിന്ന പാരമ്പര്യമുള്ള മണ്ഡലം കൂടിയാണ് തിരുവമ്പാടി. 2011 ലീഗിന്റെ സി മൊയ്തീന്‍ കുട്ടിയായിരുന്നു തിരുവമ്പാടിയില്‍ വിജയിച്ചത്. 2016 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി ജോര്‍ജ് എം തോമസ് വിജയിച്ചു. 2021 ല്‍ ലിന്റോ ജോസഫിലൂടെ സിപിഎം വിജയം ആവര്‍ത്തിച്ചു. ലീഗ് സ്ഥാനാര്‍ഥി സിപി ചെറിയ മുഹമ്മദിനെയാണ് ലിന്റോ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 4643.

Kozhikoe Election
അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്

തദ്ദേശ തെരഞ്ഞെടുപ്പ് കോഴിക്കോട്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോഴിക്കോട് ഇത്തവണ കോണ്‍ഗ്രസിന് വലിയ ആശ്വാസം നല്‍കുന്നതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വന്‍മുന്നേറ്റമാണ് യു.ഡി.എഫ്. കാഴ്ചവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാല്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതും യു.ഡി.എഫിനൊപ്പമാണ്.

ജില്ലാ പഞ്ചായത്തിലേക്കുള്ള ആകെയുള്ള 28 സീറ്റില്‍ 15 സീറ്റും യുഡിഎഫ് നേടി. കോണ്‍ഗ്രസ് എട്ട് സീറ്റും മുസ്ലിം ലീഗ് ആറ് സീറ്റും നേടി. ആര്‍എംപിയുടെ ജനകീയ മുന്നണിയും ജില്ലാ പഞ്ചായത്ത് നേട്ടത്തില്‍ നിര്‍ണ്ണായക സ്വാധീനമായി. എല്‍ഡിഎഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, ഫറോക്ക് നഗരസഭകള്‍ യുഡിഎഫ് നിലനിര്‍ത്തി. മുക്കം, കൊയിലാണ്ടി നഗരസഭകള്‍ ചെറിയ വ്യത്യാസത്തിലാണ് യുഡിഎഫിന് നഷ്ടമായത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസത്തിന് വകയുള്ളത്.

Summary

Kerala Assembly Election 2026 kozhikode district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com