

കൊച്ചി: പ്രമുഖ നേതാക്കളെ കളത്തിലിറക്കി കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ സജീവമാക്കാന്‍ എന്‍ഡിഎ. സഖ്യ കക്ഷികളിലെ മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തുണ്ടാവണമെന്നാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കുട്ടനാട് സീറ്റില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേയ്ക്കും. എന്നാല്‍ അടുത്തിടെ എന്‍ഡിഎയില്‍ എത്തിയ ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാന്‍ ആണ് താത്പര്യം എന്ന് സാബു എം ജേക്കബിന്റെ നിലപാട്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നതിനാല്‍ ഇതിനോടകം ധാരണയില്‍ എത്തിയ മണ്ഡലങ്ങളില്‍ സജീവമാകാനും ബിജെപി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ കായംകുളം, കുട്ടനാട് മണ്ഡലങ്ങളില്‍ ബിഡിജെഎസിന് നല്‍കാനും ധാരണയായിട്ടുണ്ട്. നേരത്തെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ കായംകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വേണമെന്ന ബിഡിജെഎസ് നിലപാട് എടുത്തതോടെ ശോഭ സുരേന്ദ്രനെ പാലക്കാട്ടേക്ക് പരിഗണിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി 45,000 വോട്ടുകള്‍ സ്വന്തമാക്കിയ അരൂര്‍ സീറ്റും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഡിജെഎസ് ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അരൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ കളത്തിലിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, വ്യാഴാഴ്ച പാലക്കാട് എത്തിയ ശോഭ സുരേന്ദ്രന്‍ അനൗപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളുമായി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ മലമ്പുഴയിലും സജീവമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 45,000 ത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളാണ് ഇവ. അതേസമയം, പാലക്കാട് സീറ്റിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആലത്തൂരില്‍ മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി വക്താവ് ശങ്കു ടി ദാസിനെ ഷൊര്‍ണൂരിലും മത്സരിച്ചേയ്ക്കും. ബിഡിജെഎസ് നേതാവ് എംആര്‍ അനുരാഗ് നെന്മാറയില്‍ സ്ഥാനാര്‍ഥിയായേക്കും.
ട്വന്റി 20 മുന്നണിയുടെ ഭാഗമായതോടെ എറണാകുളം ജില്ലയിലെ പ്രധാന സീറ്റുകള്‍ ബിജെപി വിട്ടുനല്‍കിയേക്കും. തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, വൈപ്പിന്‍ എന്നിവയുള്‍പ്പെടെ മിക്ക സീറ്റുകളും ട്വന്റി 20 അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. പറവൂര്‍ ബിഡിജെഎസ് മത്സരിച്ച സീറ്റാണെങ്കിലും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വല്‍സല പ്രസന്നകുമാറിനെ ഇവിടെ പരിഗണിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃപ്പൂണിത്തുറ, എറണാകുളം, പറവൂര്‍ സീറ്റുകളില്‍ മാത്രമായിരിക്കും ബിജെപി സ്ഥാനാര്‍ഥികള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഏകദേശം 40% വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, സീറ്റ് ട്വന്റി 20 നല്‍കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ പുതുക്കാട്, നാട്ടിക, മണലൂര്‍, വടക്കാഞ്ചേരി, ചേലക്കര, ഇരിങ്ങാലക്കുട എന്നിവയും ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളാണ്. ബിജെപി നേതാവ് എ നാഗേഷ് പുതുക്കാട് മണ്ഡലത്തില്‍ മത്സരിച്ചേയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates