

തിരുവനന്തപുരം: സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച കേരളം ഡിജിറ്റല്‍ സാക്ഷരയിലും നേട്ടം കുറിയ്ക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 21 ന് സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ 105 വയസുകാരനായ പെരുമ്പാവൂര്‍ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടില്‍ എം എ അബ്ദുള്ള മൗലവി ബാഖവിയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
ആശയ വിനിമയത്തിന്റെ പുതിയ ലോകത്തേക്ക് കീപാഡ് ഫോണില്‍ തുടങ്ങിയ അബ്ദുള്ള മൗലവിയുടെ യാത്ര ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിത്തില്‍ എത്തിനില്‍ക്കുകയാണ്. സംഭാഷണത്തിനുമാത്രമല്ല, വാര്‍ത്ത കാണുന്നതും ഖുര്‍ആന്‍ വായന കേള്‍ക്കുന്നതുമെല്ലാം ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിലാണ്. ഡിജിറ്റല്‍ ലോകത്തെ മനസിലാക്കാനും ഇടപെടാനും പ്രായം തടസമല്ലെന്ന് തെളിയിച്ച അബ്ദുള്ള മൗലവിയെ അഭിനന്ദിക്കാന്‍ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നേരിട്ട് എത്തും. തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനച്ചടങ്ങിലേക്ക് അബ്ദുള്ള മൗലവിയെ എം ബി രാജേഷ് നേരിട്ട് ക്ഷണിക്കും.
കൊവിഡ് മഹാമാരിക്കാലമാണ് അബ്ദുള്ള മൗലവി ബാഖവിയെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിച്ചത്. മക്കള്‍ നല്‍കിയ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം പഠിപ്പിച്ചത് തദ്ദേശ വകുപ്പിന്റെ ഡിജി കോ-ഓര്‍ഡിനേറ്റര്‍ സി ആര്‍ ജയ ആയിരുന്നു. കൊച്ചുമക്കളായ ഷാക്കില്‍ അലിയും അയിഷ നസീഫയുമാണ് യൂട്യൂബ് ഉള്‍പ്പെടെയുള്ള പുത്തന്‍ സംവിധാനങ്ങളേക്ക് എത്തിച്ചത്. ഇപ്പോള്‍ രാവിലെയുള്ള പത്ര വായന കഴിഞ്ഞാല്‍ ഡിജിറ്റല്‍ ലോകത്താണ് അബ്ദുള്ള മൗലവിയും.
ഡിജിറ്റല്‍ സാക്ഷരതയുടെ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകാന്‍ താത്പര്യമുണ്ടെങ്കിലും പ്രായവും ആരോഗ്യവും അനുവദിക്കുമോ എന്ന ആശങ്കയിലാണ് അബ്ദുള്ള മൗലവി ബാഖവി. പോകാനായില്ലെങ്കിലും ഓണ്‍ലൈന്‍ ആയി പങ്കെടുക്കാനാകുമല്ലോ എന്നാണ് അബ്ദുള്ള മൗലവിയുടെ ആശ്വാസം.
മതപഠനത്തില്‍ ബാഖവി ബിരുദം നേടിയിട്ടുള്ള അബ്ദുള്ള മൗലവി നിലത്തെഴുത്ത് പഠിച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 30-ാംവയസ്സില്‍ പൈമറ്റം പള്ളിയില്‍ ഖത്തീബായി. ദക്ഷിണകേരള മതവിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്രസ ഡിഒ ആയിരുന്നു. ഭാര്യ ആയിഷ മൂന്നുകൊല്ലംമുമ്പ് മരിച്ചു. മക്കള്‍: ബഷീര്‍ അലി, സൈനബ, അമീനുല്ല, അബ്ദുള്‍ ഹൈ, ഫൈസല്‍ അലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
