

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്‌സൈസ് വകുപ്പിന് കീഴില്‍ 'കേരള സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ' രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ രണ്ടാംഘട്ടമായ 'അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാനന്തര പദ്ധതി'യുടെ വിശദമായ മാര്‍ഗ്ഗരേഖയ്ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന കുടുംബങ്ങളെ കേവല ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പെന്തക്കോസ്ത് സഭകള്‍ക്ക് അംഗീകാരം
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ സിന്‍ഹ, ടി വി അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അപ്രന്റിസ് നിയമനവും പുതിയ തസ്തികകളും
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളില്‍ അപ്രന്റിസ് ട്രെയിനികളെ നിയമിക്കാന്‍ അനുമതി നല്‍കി. ഡിജിറ്റി നിബന്ധനകള്‍ പ്രകാരം ഇവര്‍ക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. ഇതിനായി ഓരോ വകുപ്പുകളും പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരം ഒരു 'കോമണ്‍ പൂള്‍ ഫണ്ട്' രൂപീകരിക്കും. അപ്രന്റിസുകളുടെ എണ്ണം 15 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും അനുമതിയുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് യൂണിറ്റുകളില്‍ 41 പുതിയ തസ്തികകള്‍ സൃഷ്ടിക്കും (പാലക്കാട് അഗളി - 16, മാനന്തവാടി - 14, കാസര്‍ഗോഡ് - 11). കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 13-ഉം രാജാക്കാട് ഫയര്‍ സ്റ്റേഷനില്‍ 15-ഉം പുതിയ തസ്തികകള്‍ അനുവദിച്ചു.
കണ്ണൂര്‍ ചെമ്പിലോട് സ്‌കൂളില്‍ ഒരു എച്ച്എസ്ടി തസ്തികയും കോഴിക്കോട് ചോറോട് സ്‌കൂളില്‍ ഒരു യുപിഎസ്ടി തസ്തികയും അനുവദിച്ചു. ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യാസം ചെയ്യും. എറണാകുളം ഗവ മെഡിക്കല്‍ കോളജിലെ 214 കരാര്‍/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.
സാമ്പത്തിക സഹായങ്ങളും ബോര്‍ഡ് തീരുമാനങ്ങളും
ക്ഷേമ ബോര്‍ഡുകള്‍ക്ക് വായ്പ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് പെന്‍ഷന്‍ വിതരണത്തിനായി മറ്റ് ബോര്‍ഡുകളില്‍ നിന്ന് 335 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ നിന്നാണ് തുക ലഭ്യമാക്കുക.
റബ്‌കോ: കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (റബ്‌കോ) സര്‍ക്കാരിന് നല്‍കാനുള്ള 520.90 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഇക്വിറ്റി ആക്കി മാറ്റും. നബാര്‍ഡ് വഴി 20 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചു.
ബിവറേജസ് അലവന്‍സ്: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റ് ജീവനക്കാരുടെ പ്രതിദിന അലവന്‍സ് കേഡര്‍ വ്യത്യാസമില്ലാതെ 550 രൂപയായി വര്‍ദ്ധിപ്പിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍: കോര്‍പ്പറേഷന് അനുവദിച്ച സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി.
നിപ പ്രതിരോധം: നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പേവാര്‍ഡ് ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരമായി 46,11,900/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.
പ്രധാന നിയമനങ്ങള്‍
കെഎസ്ആര്‍ടിസി: പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
കാമ്കോ: സിറിയക് ജോര്‍ജ്ജ് മാമ്പലത്തിനെ കേരള അഗ്രോ മിഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഗഅങഇഛ) എംഡിയായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമിച്ചു.
ഗവ പ്ലീഡര്‍: വയനാട് ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറായി മീനങ്ങാടി സ്വദേശി അഡ്വ എബി ചെറിയാനെ നിയമിക്കും.
നിഷ ജോണിന് നിയമനം: പരിക്കു മൂലം കായികരംഗത്ത് നിന്ന് പിന്മാറേണ്ടി വന്ന മുന്‍ ദേശീയ താരം നിഷ ജോണിന് പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്കായി നിയമനം നല്‍കും.
ഇന്‍ഫോപാര്‍ക്ക്: സിഇഒ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates