തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച മികച്ച വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എല്‍ഡിഎഫ് കരസ്ഥമാക്കിയത്. അതിന്റെ പകുതി (12) വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാര്‍ഡുകളും. എല്‍ഡിഎഫ് ജയിച്ചതില്‍ 7 വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.-മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകണമെന്ന കേരള ജനതയുടെ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിന്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായി ഇതിനെ കണക്കാക്കാം. രാഷ്ട്രീയ നൈതികത പൂര്‍ണമായും കൈമോശം വന്ന യുഡിഎഫും ബിജെപിയും ചില പ്രദേശങ്ങളില്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നു.
അത്തരം സങ്കുചിത നീക്കങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങളെന്ന യാഥാര്‍ത്ഥ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സര്‍ക്കാര്‍ നയങ്ങളോടൊപ്പമാണ് ജനങ്ങള്‍ നില്‍ക്കുന്നത്. തുടര്‍ച്ചയായി നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് ജനമനസ്സുകളില്‍ സ്ഥാനമില്ല. അധികാരമോഹം മാത്രം മുന്‍നിര്‍ത്തി യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന അക്രമോത്സുക ജനവിരുദ്ധ രാഷ്ട്രീയനിലപാടുകളെയും നീക്കങ്ങളെയും കണക്കിലെടുക്കാതെ കേരളത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താന്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്ന വസ്തുത അളവറ്റ ആത്മവിശ്വാസവും പ്രചോദനവും പകരുന്ന ഒന്നാണ്. എല്‍ഡിഎഫിനു വന്‍ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്‌നിച്ച പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.-അദ്ദേഹം കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
