

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍പന നടത്തിയ കടകള്‍ക്കെതിരായ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നടപടികള്‍ ശരിവച്ച് കോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഫയല്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് പിഴയും തടവും വിധിച്ചു. സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എടുത്ത കേസുകളിലാണ് നടപടി.
ഓപ്പറേഷന്‍ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വില്‍പ്പന നടത്തിയതിന് തലശ്ശേരി എമിരേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ 2024-ല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തലശ്ശേരി, പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു.
ഓപ്പറേഷന്‍ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വില്‍പ്പന നടത്തിയതിന് കൊടുങ്ങല്ലൂര്‍ ന്യൂ ലൗലി സെന്റര്‍ ഷോപ്പിനെതിരെ 2024-ല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊടുങ്ങല്ലൂര്‍ പ്രതികള്‍ക്ക് 10,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.
എറണാകുളം എഡിസി ഓഫീസില്‍ ലഭിച്ച 'മരുന്നു മാറി നല്‍കി' എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസില്‍ മറിയാ മെഡിക്കല്‍സ്, സ്റ്റാച്യു ജംഗ്ഷന്‍, തൃപ്പൂണിത്തുറ എന്ന സ്ഥാപനത്തിനും അതിന്റെ പാര്‍ട്ണേഴ്സിനും ഒരു വര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി എട്ട് പ്രത്യേക ഡ്രൈവുകളാണ് നടത്തിയത്. നിയമം ലംഘിച്ചവര്‍ക്കെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന മറ്റ് അനുബന്ധ നിയമങ്ങള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മാറാട് മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയും കുറ്റകൃത്യം നടത്തിയ ഡോക്ടര്‍ക്കെതിരേയും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെ അലോപ്പതി മരുന്നുകള്‍ വാങ്ങി വില്‍പന നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ഹോമിയോ മെഡിക്കല്‍സ് എന്ന സ്ഥാപന ഉടമയായ ഹോമിയോ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നാര്‍ക്കോട്ടിക്, ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വില്‍പന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് പ്രവര്‍ത്തിച്ചിരുന്ന അറഫ മെഡിക്കല്‍സിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. യാതൊരു രേഖകളുമില്ലാതെ ലൈംഗിക ഉത്തേജക മരുന്നുകള്‍ ഭീമമായ അളവിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. കോട്ടയം ജില്ലയില്‍ മെഫെന്റര്‍മൈന്‍ സള്‍ഫേറ്റ് ഇന്‍ജക്ഷന്‍ അനധികൃതമായി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത് കണ്ടെത്തി. 60,000 രൂപ വിലവരുന്ന മരുന്നുകള്‍ കസ്റ്റഡിയില്‍ എടുത്ത് നിയമനടപടി സ്വീകരിച്ചു.
തൃശൂര്‍ ജില്ലയില്‍ ആലപ്പാട് കേന്ദ്രീകരിച്ച് മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോര്‍ജ് സ്റ്റോഴ്സ് എന്ന സ്റ്റേഷനറി സ്ഥാപനത്തില്‍ അനധികൃതമായി ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ വില്‍പ്പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമയ്ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. തൊടുപുഴ കരിക്കോട് ഒരു വീട്ടില്‍ ആനധികൃതമായി മെഫെന്റര്‍മൈന്‍ സള്‍ഫേറ്റ് ഇന്‍ജക്ഷന്‍ സൂക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ഉടമയ്ക്കെതിരെ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടി സ്വീകരിച്ചു.
എറണാകുളം ജില്ല ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇടുക്കി മൂലമറ്റം ഗൗതം കൃഷ്ണ എന്ന വ്യക്തിയുടെ വീട്ടില്‍ മെഫെന്റര്‍മൈന്‍ സള്‍ഫേറ്റ് ഇന്‍ജക്ഷന്‍ അനധികൃതമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി ഡ്രഗ്സ് ഇന്‍സ്പെക്ടറും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates