

കൊച്ചി: കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞന്‍ എസ് ഇരുദയ രാജന്‍. കുടിയേറ്റക്കാരാണ് കേരള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ശ്രീലങ്കയെ പോലെ കേരളം നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ച നേരിടേണ്ടി വന്നേക്കാം. നിലവില്‍ തന്നെ സംസ്ഥാനം ജനസംഖ്യയില്‍ കുറവ് നേരിടുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുദയ രാജന്‍.
'കേരളം കുടിയേറ്റത്തെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആരും വന്നില്ലെങ്കില്‍, നമ്മുടെ ജനസംഖ്യ കുറയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിയേറ്റത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. മൈഗ്രേഷന്‍ മാനേജ്‌മെന്റ്, മൈഗ്രേഷന്‍ നയം, മൈഗ്രേഷന്‍ ഗവേണന്‍സ്, ഡാറ്റ ശേഖരണം എന്നിവ പ്രധാനമാണ്. ഭാവി രൂപപ്പെടുത്തുന്നതില്‍ കേരളം നേതൃത്വം നല്‍കണം. കാരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് കുടിയേറ്റത്തെക്കുറിച്ച് നന്നായി അറിയാം.'- ഇരുദയ രാജന്‍ പറഞ്ഞു.
'കേരള ജനസംഖ്യയുടെ ഏകദേശം 25 ശതമാനം വരും മുസ്ലീം ജനസംഖ്യ. പക്ഷേ ഗള്‍ഫ് കുടിയേറ്റക്കാരില്‍ ഏകദേശം 48 ശതമാനം പേരും മുസ്ലീങ്ങളാണ്. മറുവശത്ത്, ക്രിസ്ത്യാനികളും നായന്മാരും മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോയി. വിദ്യാസമ്പന്നരായ ആളുകളുടെ കുടിയേറ്റത്തിന്റെ തരംഗത്തില്‍ നായന്മാരും പങ്കുചേര്‍ന്നു. 1970 കളുടെ അവസാനം ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചു. മുസ്ലീങ്ങളാണ് പ്രധാന ഗുണഭോക്താക്കളായി മാറിയത്. ക്രിസ്ത്യാനികള്‍ ഇന്ത്യയ്ക്ക് അകത്തും ആദ്യകാല അന്താരാഷ്ട്ര കുടിയേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കി. മുസ്ലീങ്ങള്‍ ഗള്‍ഫ് കുടിയേറ്റത്തില്‍ ആധിപത്യം സ്ഥാപിച്ചു.'- ഇരുദയ രാജന്‍ കൂട്ടിച്ചേര്‍ത്തു.
'ഗള്‍ഫ് മലയാളികള്‍ മാത്രമല്ല. എവിടെയെല്ലാം കുടിയേറ്റക്കാര്‍ ഉണ്ടോ, അവര്‍ കുടിയേറ്റക്കാരല്ലാത്ത തദ്ദേശീയരേക്കാള്‍ നേരത്തെ മരിക്കും. ആരോഗ്യം ഒരു പ്രധാന വശമാണ്. ഗള്‍ഫിലെ ദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കുടുംബമില്ലാത്തപ്പോള്‍ അവര്‍ പുകവലിയിലും മദ്യപാനത്തിലും മുഴുകുന്നു. കുടിയേറ്റക്കാര്‍ കുടിയേറ്റക്കാരല്ലാത്ത തദ്ദേശീയരേക്കാള്‍ നേരത്തെ മരിക്കുമെന്നത് വര്‍ഷങ്ങളായി ഞാന്‍ ഉന്നയിക്കുന്ന ഒരു സിദ്ധാന്തമാണ്. സ്വന്തമായി ഒരു ഡാറ്റയും ഇല്ല, പക്ഷേ ഇപ്പോള്‍ ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍, കുടിയേറ്റം ഇപ്പോഴും പുരുഷാധിപത്യമാണ്. കുടിയേറിയവരില്‍ ഏകദേശം 80 ശതമാനം പേരും പുരുഷന്മാരാണ്. എന്നിരുന്നാലും, ഗള്‍ഫ് ഇതര കുടിയേറ്റം നോക്കുകയാണെങ്കില്‍, സ്ത്രീകള്‍ കൂടുതലായി കുടിയേറിയതായി കാണാം. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ കുടിയേറിയ സ്ത്രീകളില്‍ ഏകദേശം 45 ശതമാനവും ബിരുദധാരികളാണ്. യുകെ, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ 'ഹൗസ് ഹസ്ബന്‍ഡുമാരെ' നിങ്ങള്‍ക്ക് കാണാം. സാമൂഹിക പ്രതീക്ഷകളും നിയന്ത്രണങ്ങളും പോലുള്ള കാരണങ്ങളാല്‍ സ്ത്രീകള്‍ ചെറിയ സംഖ്യയില്‍ കുടിയേറുന്നു.'- ഇരുദയ രാജന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates