

തിരുവനന്തപുരം: സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തിരുമാനമായി. മിഥുന്റെ മരണത്തിന് പിന്നാലെ അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെഎസ്ഇബിയും അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപക സംഘടനയായ കെഎസ്റ്റിഎയും പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗെയിഡ്‌സ് മുഖാന്തിരം വീട് വെച്ച് നല്‍കുന്നതിനും.
സഹായങ്ങള്‍ക്ക് പുറമെ, അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള അച്ചടക്ക നടപടികളും പുരോഗമിക്കുകയാണ്. മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.
ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുന്റെ മരണത്തിന് കാരണമായ അപകടം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീണപ്പോള്‍ മിഥുന്‍ അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പ് എടുക്കുന്നതിനിടെ കാല്‍ തെറ്റിയപ്പോള്‍ അബദ്ധത്തില്‍ മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ കയറി പിടിക്കുകയായിരുന്നു. ഇതോടെയാണ് ഷോക്കേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates