കോവിഡ് വാക്‌സിന്‍ യുവാക്കളിലെ മരണനിരക്ക് കൂട്ടിയോ?; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

കോവിഡ് 19 വാക്‌സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തള്ളി സര്‍ക്കാര്‍ കണക്കുകള്‍
Kerala govt data busts vaccine death myth; no rise in mortality post-Covid
2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്പ്രതീകാത്മക ചിത്രം/എപി
Updated on
1 min read

തിരുവനന്തപുരം: കോവിഡ് 19 വാക്‌സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിച്ച് സര്‍ക്കാര്‍ കണക്കുകള്‍. 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്. 2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്. ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്. വാക്‌സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ള 1,29,45,396 പേരാണ് കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,08,60,254 പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കോവിഡ് വാക്സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്.

'ഏതെങ്കിലും ചെറുപ്പക്കാരന്‍ മരിച്ചാല്‍ വാക്‌സിന്‍ കാരണമാണെന്ന നിഗമനത്തില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിലനില്‍ക്കുമെന്ന് കരുതുന്നതും തെറ്റാണ്. വാക്‌സിനേഷന്‍ യുവാക്കളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ ഈ കേസുകള്‍ വളരെ അപൂര്‍വമാണ്. മരണനിരക്ക് അത് പ്രതിഫലിപ്പിക്കുന്നു'- ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ എപ്പിഡെമിയോളജിസ്റ്റും എമറിറ്റസ് പ്രൊഫസറുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു.

ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാക്സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ് എന്ന് കോവിഡ്, വയോജന വാക്സിനേഷനെ കുറിച്ച് സംസ്ഥാനത്തിന് ഉപദേശം നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ വിദഗ്ധനുമായ ഡോ. ബി ഇക്ബാല്‍ സ്ഥിരീകരിക്കുന്നു.

'ഈ പ്രായപരിധിയിലുള്ള ആളുകള്‍ മരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാംക്രമികേതര രോഗങ്ങളും സാംക്രമിക രോഗങ്ങളും മൂലം മരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വളരെക്കാലം മുമ്പ് പുറത്തിറക്കിയ വാക്‌സിനുകള്‍ക്ക് പകരം പ്രമേഹ നിയന്ത്രണം, പൊണ്ണത്തടി, കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യണം'- ഡോ. ബി ഇക്ബാല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com