

കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു.
"വിവാഹിതയായ ഒരു പങ്കാളിയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധം നിയമപ്രകാരം അനുവദനീയമാണ്, അപ്പോൾ അവിവാഹിതനായ ഒരു പുരുഷൻ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താണ് തെറ്റ്? അത് കാരണം ഈ ജാമ്യം എങ്ങനെ നിരസിക്കാൻ കഴിയും," എന്നും ഇന്ന് നടന്ന ഒരു വാദത്തിനിടെ കോടതി ചോദിച്ചു. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.
എന്നാല്‍ കുട്ടി വേണമെന്നും നിര്‍ബന്ധ ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രഥമ വിവര മൊഴികള്‍ പരാമര്‍ശിച്ചാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഇത് പ്രകാരമാണ് പരാതിക്കാരിക്ക് എതിരാകുന്ന വിധത്തില്‍ ചില ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തുന്നത്. മൊഴികള്‍ പ്രകാരം പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുണ്ടായിരുന്നത് സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ലേ എന്നാണ് കോടതി ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍, പരാതിയില്‍ പറയുന്ന മാര്‍ച്ച് 17 ലെ സംഭവം ഗുരുതരമാണെന്ന സൂചനയും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിക്കുന്നു.
മാര്‍ച്ച് 17 ന് പാലക്കാട് പോയതിന് പരാതിക്കാരിക്ക് പ്രത്യേക കാരണങ്ങളുണ്ട്. എന്നാല്‍ അന്ന് യുവതിക്ക് മേല്‍ ബലപ്രയോഗം നടന്നു. വീഡിയോ ചിത്രീകരിച്ചത് കുറ്റകരമായ നടപടിയാണ്. അതിനെ പ്രത്യേകമായി പരിഗണിക്കണം. രാഹുല്‍ കുട്ടിവേണം എന്ന് ആവശ്യപ്പെട്ടു, യുവതിക്ക് താത്പര്യമില്ലാതിരുന്നിട്ടും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെയും ഡിജിറ്റല്‍ തെളികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates