

കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോയെന്നും, എല്ലാ ദിവസവും ജയിലിലെ ആശുപത്രിയിലായിരുന്നല്ലോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വളരെ ഗുരുതരമായ അസുഖങ്ങളുണ്ടെന്നാണ് പറയുന്നത്, ഇത്രയും അസുഖമൊക്കെ വെച്ച് എന്തിനാണ് വിദേശത്ത് പോകുന്നത്? ഈ രോഗവുമായി എങ്ങനെ വിദേശത്ത് ജോലി ചെയ്യാൻ കഴിയുമെന്നും കോടതി ആരാഞ്ഞു. കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം' - കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടയിലും കോടതി വിമർശിച്ചിരുന്നു. ഷാർജയിലെ ഒരു സ്ഥാപനത്തിൽ ഓപ്പറേഷണൽ മാനേജരായി ജോലി വാഗ്ദാനമുണ്ടെന്ന് കാട്ടിയാണ് തച്ചങ്കരി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചത്.
2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ നാല് വർഷം കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 15-ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ ഉത്തരവിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates