

കൊച്ചി: രണ്ടാമത്തെ പെണ്‍കുട്ടിക്ക് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിഐ)യില്‍ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി. ആനുകൂല്യം ലഭിക്കണമെങ്കില്‍ കുട്ടിക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഹമ്മദ് ജുനൈദ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച കോടതി കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ പദ്ധതി ആനുകൂല്യം ലഭിക്കണമെങ്കില്‍ എല്ലാവരും വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് പറഞ്ഞത്. 'തന്റെ കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആരും ഹര്‍ജിക്കാരനെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ വാക്‌സിനേഷന്‍ എടുക്കുന്നില്ലെങ്കില്‍, പിഎംഎംവിവൈ സ്‌കീമിന് കീഴിലുള്ള ആനുകൂല്യത്തിന് അപേക്ഷകന്റെ ഭാര്യക്ക് അര്‍ഹതയുണ്ടാകില്ല. ആനുകൂല്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. പിഎംഎംവിവൈ സ്‌കീം വഴി ലഭിക്കേണ്ട ആനുകൂല്യം ആരുടെയും മൗലികാവകാശമില്ല, അതിനാല്‍, യോഗ്യതാ വ്യവസ്ഥകള്‍ ഭരണഘടനാപരമായി അസാധുവായി കണക്കാക്കാനാവില്ല' ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ പറഞ്ഞു.
2024 സെപ്റ്റംബര്‍ 3-നാണ് ഹര്‍ജിക്കാരന്റെ ഭാര്യ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവാനുകൂല്യത്തിനായി സമീപിച്ചപ്പോഴാണ് കുട്ടിയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം നല്‍കൂവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്ന് ആനുകൂല്യത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates