

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തകര്‍ച്ച കേരളത്തിലെ മുസ്ലീം സമുദായത്തിന് ഇടയിലെ സിപിഎം സ്വാധീനം കുറയുന്നതിന്റെ കൂടി ലക്ഷണമെന്ന് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലീം ലീഗ് നേടിയ ഉജ്ജ്വല വിജയവും മലബാര്‍ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫ് നേടിയ മുന്നേറ്റവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തുന്നത്.
സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി നടത്തിയ വര്‍ഗീയ നിറം കലര്‍ന്ന പ്രസ്താവനകള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനകളോടുള്ള മൃദു സമീപനം എന്നിവ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി സഖ്യം സജീവ ചര്‍ച്ചയാക്കിയ സിപിഎം നടപടി ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമായി തുറന്നുകാട്ടുന്നതിലും യുഡിഎഫ് വിജയിച്ചു.
ജമാഅത്തെ ഇസ്ലാമി ബന്ധം സംബന്ധിച്ച എല്‍ഡിഎഫ് ആരോപണങ്ങളെ മുന്‍കാലങ്ങളില്‍ സിപിഎം ഉണ്ടാക്കിയ ധാരണകള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നേതാക്കള്‍ പ്രതിരോധിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് സിപിഎമ്മിന് ഉത്തരമില്ലായിരുന്നു. സിപിഎം ജമാഅത്ത് വിഷയം സജീവ ചര്‍ച്ചയാക്കിയത് അനവസരമാണെന്ന പൊതു ധാരണ ഉണ്ടാക്കി. മുസ്ലീം സമുദായത്തിലെ ഒരു ചെറിയ വിഭാഗം പിന്തുണയ്ക്കുന്ന ഒരു സംഘടനയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുന്നു എന്ന നിലയിലുള്ള വിലയിരുത്തലുകളും ശക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെ ഒറ്റപ്പെടുത്താനുള്ള സിപിഎം നീക്കവും ദ്രൂവീകരണത്തിന് കാരണമായി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസില്‍ പ്രതിയായ സാഹചര്യം ഉപയോഗിച്ച് ഷാഫി പറമ്പിലിനെ കടന്നാക്രമിക്കാന്‍ ആയിരുന്നു സിപിഎം ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഇത്തരം നീക്കങ്ങള്‍ സിപിഎമ്മിന്റെ വര്‍ഗീയ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.
സിപിഎം മുന്നോട്ട് വച്ച ധ്രുവീകരണ രാഷ്ട്രീയം ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പിണറായി സര്‍ക്കാരിനു കീഴില്‍ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുകയായിരുന്നു, ഭരണ വിരുദ്ധ വികാരം തെരഞ്ഞടുപ്പിലെ പ്രധാന ഘടകമായി. ഈ അതൃപ്തിക്ക് പുറമേ, ശബരിമല വിഷയം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇടതുപക്ഷത്ത് നിന്ന് കൂടുതല്‍ അകറ്റിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം ഹിന്ദുത്വ രാഷ്ട്രീയം കളിച്ചുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെയും ഹിസ്ബുള്‍ മുജാഹിദീന്റെയും പേരുകള്‍ ഉപയോഗിച്ച് മുസ്ലീങ്ങള്‍ക്കെതിരായ ഭീതി സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ നേടാന്‍ പാര്‍ട്ടി ശ്രമിച്ചു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഈ പ്രചാരണത്തെ പൂര്‍ണ്ണമായും നിരാകരിച്ചതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും റസാഖ് പാലേരി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates