എം ആര്‍ അജിത് കുമാറും മനോജ് എബ്രഹാമും ഇല്ല; പൊലീസ് മേധാവി ചുരുക്കപ്പട്ടികയായി

എഡിജിപി എം ആര്‍ അജിത് കുമാറിനെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം യുപി എസ് സി തള്ളി
Yogesh Gupta, Ravada Chandrasekhar, Nithin Agarwal
Yogesh Gupta, Ravada Chandrasekhar, Nithin Agarwal ( new police chief list )
Updated on
2 min read

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കി. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. യുപിഎസ് സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നും ഒരാളെ സര്‍ക്കാരിന് അടുത്ത പൊലീസ് മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.

Yogesh Gupta, Ravada Chandrasekhar, Nithin Agarwal
സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടുനദികളില്‍ പ്രളയസാധ്യത മുന്നറിയിപ്പ്

എഡിജിപി എം ആര്‍ അജിത് കുമാറിനെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം യുപി എസ് സി തള്ളി. ഡിജിപി റാങ്കില്‍ കുറഞ്ഞവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുമ്പ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ പൊലീസ് മേധാവിയാക്കിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.

നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ അയച്ച പട്ടികയില്‍ ഇടംനേടിയിരുന്നത്. പട്ടികയില്‍ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തില്‍ നിന്നും യുപിഎസ് സി യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പൊലീസ് മേധാവിയും യോഗത്തില്‍ നിര്‍ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മനോജ് എബ്രഹാം ഏറെക്കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്നു എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ യുപിഎസ് സി യോഗം മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല.

ആറംഗ പട്ടികയിലെ ആദ്യ പേരുകാരായ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയാകാന്‍ യോഗ്യരാണെന്ന് യുപിഎസ് സി യോഗം വിലയിരുത്തി. നിതിന്‍ അഗര്‍വാളും രവാഡ ചന്ദ്രശേഖറും കുറേക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു എന്നത് പൊലീസ് മേധാവിയാകാന്‍ തടസ്സമല്ലെന്നും യോഗം വിലയിരുത്തി. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത സര്‍ക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതും, മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലന്‍സ് കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറിയതുമാണ് സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമായത്.

ഇതേത്തുടര്‍ന്നാണ് യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ് യോഗേഷ് ഗുപ്ത കൂടുതലും ഇരുന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പൊലീസ് മേധാവി മത്സരത്തില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട്, കഴിഞ്ഞ ഒന്നര മാസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എട്ടു തവണ കത്തു നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

നിലവില്‍ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിന്‍ അഗര്‍വാള്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖര്‍. നിലവില്‍ ഐബിയില്‍ സ്‌പെഷല്‍ ഡയറക്ടറാണ് രവാഡ. 1993 ബാച്ച് ഐപിഎസ് ഓഫീസറാണ് യുപിഎസ് സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍ മൂന്നാമതുള്ള യോഗേഷ് ഗുപ്ത.

Yogesh Gupta, Ravada Chandrasekhar, Nithin Agarwal
പല തെരഞ്ഞെടുപ്പു ജയിച്ചിട്ടും എന്നെ ആരും 'ക്യാപ്റ്റനെ'ന്ന് വിളിച്ചില്ല; പരിഭവവുമായി ചെന്നിത്തല; ക്യാപ്റ്റനല്ല, 'മേജര്‍' എന്ന് വിഡി സതീശന്‍

യുപിഎസ് സി അം​ഗീകരിച്ച പട്ടികയിലുള്ളവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരിലൊള്‍ക്കാണ് പൊലീസ് മേധാവി പദവിയിലേക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച ആറംഗ പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിത്, പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. നിതിനും രവാഡയും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാനാകും.

Summary

The UPSC has shortlisted three candidates for the post of state police chief. The state's senior most IPS officers Nitin Agarwal, Ravada Chandrashekhar and Yogesh Gupta have made it to the final list.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com