

വിവാഹപ്പരസ്യം കണ്ട് കെണിയില്‍ വീഴുന്നവര്‍ ധാരാളമാണ്. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളും ബോധവത്കരണവും മറ്റും ഉണ്ടായെങ്കിലും ഇപ്പോഴും ഇത്തരം ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇത് സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ കേരള പൊലീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ്
ഓണ്‍ലൈന്‍ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാന്‍ താല്‍പര്യമുള്ളവരെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കുക. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ ഫീസ് ഇനത്തില്‍ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.
വിശ്വാസ്യത ഉറപ്പുവരുത്താന്‍ കോണ്‍ഫറന്‍സ് കോള്‍ വഴി പെണ്‍കുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പര്‍ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാന്‍ പോകുന്ന താല്‍പര്യത്തില്‍ കുറച്ചുനാള്‍ ഈ നമ്പറില്‍ നിന്നും പെണ്‍കുട്ടി സംസാരിക്കുന്നു. ഇതിനിടയില്‍ ഫീസിനത്തില്‍ തുക മുഴുവന്‍ ഇവര്‍ ശേഖരിച്ച ശേഷം പതിയെ ഡീലില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങള്‍ ആവും അവതരിപ്പിക്കുക. ഇത്തരം തട്ടിപ്പുകളില്‍പെടുന്നവര്‍ക്ക് തട്ടിപ്പുകാര്‍ വിവിധ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ന രീതിയില്‍ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും.
വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനര്‍വിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവര്‍ മാനഹാനി ഭയന്ന് പുറത്തു പറയാന്‍ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
