

തിരുവനന്തപുരം: തുമ്പില്ലാതിരുന്ന കേസില്‍ ഒടുവില്‍ തുമ്പുണ്ടാക്കി കേരള പൊലീസ്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി കുളത്തൂര്‍ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രത്യേക തെളിവുകള്‍ ഒന്നുമില്ലാതിരുന്ന കേസില്‍ പഴുതടച്ചുള്ള അന്വേഷണം തുമ്പ പൊലീസ് ഊര്‍ജിതമാക്കുകയും. ഒടുവില്‍ കര്‍ണാടക സ്വദേശിയായ പ്രകാശ് ഈരപയിലേക്ക് തുമ്പ പൊലീസ് എത്തുകയും ചെയ്തു. തുടര്‍ന്ന് കേരള പൊലീസിന് നേരിടേണ്ടിവന്നത് ഗുണ്ടകളുടെ ഭീഷണിയുള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ്. ഇവയെല്ലാം അതിജീവിച്ച് ഒടുവില്‍ പൊലീസ് പ്രതിയുമായി നാട്ടിലെത്തി. കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
തുമ്പില്ലാത്ത കേസില്‍ തുമ്പുണ്ടാക്കി തുമ്പ പൊലീസ്
വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പ് വഴി കുളത്തൂര്‍ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്ററായത് മുതല്‍ അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രത്യേകിച്ച് തെളിവുകള്‍ ഒന്നുമില്ലാതിരുന്ന കേസില്‍ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ കര്‍ണാടക സ്വദേശിയായ പ്രകാശ് ഈരപയാണ് പ്രതിയെന്ന് തുമ്പ പൊലീസ്് മനസ്സിലാക്കി.
പ്രതിയെ പിടികൂടിയതോടെ പണം നഷ്ടപ്പെട്ടയാള്‍ക്ക് 10 ലക്ഷം ട്രാന്‍ഫര്‍ ചെയ്യാമെന്നും, പൊലീസ് ചോദിക്കുന്നതെന്തും കൊടുക്കാമെന്നും പറഞ്ഞ് പൊലീസ് സംഘത്തെ സ്വാധീനിക്കാനായി പ്രതിയുടെ ശ്രമം. വഴങ്ങാതായതോടെ ഇയാളുടെ കൂട്ടാളികളെത്തി പൊലീസിനോട് ഭീഷണി മുഴക്കാന്‍ തുടങ്ങി. ഒടുവില്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് അശോക് നഗറിലെ ലോക്കല്‍ പൊലീസ് പ്രതിയുമായി സ്റ്റേഷനിലെത്തി. അവിടെ രാഷ്ട്രീയക്കാരും പ്രതിയുടെ ഗുണ്ടകളും കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടത്തെ എസ്.എച്ച്.ഒയും കേരള പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പ്രയോജനമില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലെ പൊലീസുകാര്‍ അപ്രത്യക്ഷമായി. എന്തും വരട്ടേയെന്ന് കരുതി കേരള പൊലീസ് പ്രതിയെ വൈദ്യപരിശോധനക്കായി പുറത്തിറക്കി. പുറത്ത് അക്രമിസംഘം വളഞ്ഞപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. ഇതോടെ സ്റ്റേഷനിലെ ജി.ഡി ആള്‍ക്കൂട്ടത്തിന് എന്തോ സിഗ്‌നല്‍ കൊടുത്തരുതോടെ പ്രതിഷേധിച്ചവര്‍ വഴി മാറി. തുടര്‍ന്ന് ഓട്ടോയില്‍ പ്രതിയെ ആശുപത്രിലെത്തിച്ച് മെഡിക്കല്‍ എടുത്ത് കോടതിയിലെത്തിയപ്പോഴേക്കും മജിസ്‌ട്രേറ്റ് പൊയ്ക്കഴിഞ്ഞിരുന്നു.
മജിസ്‌ട്രേറ്റിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് ആരും നല്‍കിയില്ല. പുറത്തിറങ്ങിയാല്‍ അവിടെ കാത്തുനില്‍ക്കുന്ന പ്രതിയുടെ ഗുണ്ടകള്‍ പ്രതിയെ ബലമായി കൊണ്ടുപോകും എന്നതായിരുന്നു സ്ഥിതി. കോടതി മുറികള്‍ അടച്ചു തുടങ്ങിയതോടെ അന്വേഷണ സംഘം പ്രതിയുമായി സമീപത്തെ ലീഗല്‍ സര്‍വിസ് അതോറിട്ടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന മജിസ്‌ട്രേറ്റ് റാങ്കിലെ ഓഫീസറോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ലീഗല്‍ സര്‍വിസ് അതോറിട്ടിയുടെ മേല്‍നോട്ടത്തില്‍ പ്രതിയുമായി മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി. അപ്പോഴും പ്രതിയുടെ ഗുണ്ടകള്‍ സംഘത്തെ പിന്തുടര്‍ന്നിരുന്നു. മജിസ്‌ട്രേറ്റിനോട് കാര്യങ്ങള്‍ വിവരിച്ചെങ്കിലും അടുത്ത ദിവസം വരാനാണ് ആവശ്യപ്പട്ടത്. ഒടുവില്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നത് മജിസ്ട്രേറ്റിനെ ധരിപ്പിച്ചപ്പോഴാണ് ഉത്തരവിറക്കിയത്. ഇതിനിടെ പുറത്ത് തടിച്ചുകൂടി നിന്ന ഗുണ്ടകള്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ബഹളം വച്ചതോടെ മജിസ്‌ട്രേറ്റ് സുരക്ഷാ ഉദ്യേഗസ്ഥരെ വിളിച്ചു വരുത്തി ഗുണ്ടകളെ തുരത്തി. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി കേരളത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
