

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓറഞ്ച് പൂച്ച വീഡിയോകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അനേകം ആനിമേഷന്‍ കഥാപാത്രങ്ങളും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലാണ് കേരള പൊലീസ് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നത്.
സമൂഹ മാധ്യമങ്ങളില്‍ വയറലായ ഓറഞ്ച് പൂച്ച ക്രൂരതയും അക്രമ സ്വഭാവവും പ്രകടിപ്പിക്കുന്നവയാണ്. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതാണ് ഇത്തരം വീഡിയോയിലെ പ്രധാന ഉള്ളടക്കം. ഉറ്റസുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതും പൂച്ചയുടെ വീഡിയോയില്‍ പതിവാണ്. ഇത്തരം വിഡിയോകള്‍ കുട്ടികളില്‍ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായി പ്രതികരിക്കാനും ഇടയാക്കുന്നു.
പതിവായി ഇത്തരം വീഡിയോ പിന്തുടരുന്ന കുട്ടികള്‍ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നാര്‍സിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറാന്‍ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ വേണമെന്നും പൊലീസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള പൊലീസിന്റെ കുറിപ്പ് പൂര്‍ണരൂപം-
പൂച്ചയുണ്ട് സൂക്ഷിക്കുക
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അനേകം ആനിമേഷന്‍ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികള്‍ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോ അങ്ങനെയല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര.
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇവ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങുമാണ് ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്ക്ക് കുത്തുന്നത് ശ്രദ്ധയില്‍ പെട്ടു. മറ്റുള്ളവര്‍ കരയും വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇത്തരം വീഡിയോകള്‍ കാണാറുണ്ടെന്ന് അറിഞ്ഞത്.
ഇത്തരം വിഡിയോകള്‍ ചെറുപ്പത്തില്‍ തന്നെ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നാര്‍സിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റും.
കുട്ടികള്‍ എന്ത് കാണുന്നു എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും ആപ്പുകളില്‍ പാരന്റ്ല്‍ കണ്‍ട്രോണ്‍ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ അദ്ധ്യാപകരെ അറിയിക്കുകയും വേണം.
ആവശ്യമെങ്കില്‍ പൊലിസിന്റെ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ ( ഡി ഡാഡ് ) ഫോണ്‍ 9497900200
ബന്ധപ്പെടുകയും ചെയ്യാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
