കേരള പൊലീസിലെ ഒരേ ഒരു പ്രൊഫഷണൽ ബൈക്കർ, ഡിസംബറിൽ ഗോവയിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ജീമോൻ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. 18-ാം വയസ്സിൽ തുടങ്ങിയ റേസിങ് ഭ്രമമാണ് ഇന്ന് 40-ാം വയസ്സിൽ ഇന്ത്യയിലുടനീളം മത്സരിച്ച് തിളങ്ങിനിൽക്കാൻ ജീമോന് പ്രേരണയായത്.
ആ ചിത്രം, ആ നിമിഷം
'എന്റെ വീടിനടുത്ത് ബിജു ജോൺ എന്നൊരു റൈഡർ ഉണ്ടായിരുന്നു. ഒരു ദിവസം റേസിങ് സ്യൂട്ട് ഒക്കെയിട്ട് യമഹ ആർഎക്‌സ് 135ൽ അയാൾ എന്റെ മുന്നിലൂടെ പോയി. ആ ചിത്രം, ആ നിമിഷം എന്നെ തട്ടി. എനിക്ക് ആവേശമായി. ഞാൻ അയാളുടെ പരിശീലനം കാണാൻ പോയി. പിന്നീട് അതൊരു പതിവായി മാറി. പതിയെ മോട്ടോർസ്‌പോർട്ട് ഞാനും ഗൗരവത്തോടെ കാണാൻ തുടങ്ങി', തുടക്കത്തെക്കുറിച്ച് ജീമോൻ പറഞ്ഞു. ഏറെ സാമ്പത്തികബുദ്ധിമുട്ടിലായിരുന്നെങ്കിലും ആഗ്രഹം ജീമോന് ഊർജ്ജമേകി. സേഫ്റ്റി ഗിയറുകൾക്ക് മാത്രം ഏകദേശം അഞ്ച് ലക്ഷം രൂപയൊക്കെ ആകും. വണ്ടിയുടെ അറ്റകുറ്റപ്പണികൾ വേറെയും, ജീമോൻ പറഞ്ഞു.
2000 മുതൽ 2007 വരെയായിരുന്നു ജീമോന്റെ സുവർണ്ണ കാലഘട്ടം. പക്ഷെ സാമ്പത്തിക പിന്തുണ ഇല്ലാതിരുന്നത് പതിയെ റേസിങ് മോഹങ്ങൾ അവസാനിപ്പിക്കാൻ ജീമോനെ നിർബന്ധിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു ലഡാക്ക്-ഖർദുംഗ്ല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് റോയൽ എൻഫീൽഡ് ഹിമാലയൻ വാങ്ങുന്നത്. '2018ൽ ഹിമാലയൻ റൈഡർമാർക്കായി വയനാട് വച്ച് ഒരു ഓഫ് റോഡ് ബൈക്ക് റാലി നടക്കുന്നെന്ന് അറിഞ്ഞു. അതിൽ മത്സരിക്കാൻ തീരുമാനിച്ചു. ഞാൻ രണ്ടാമതെത്തി. ഇതിനുശേഷമാണ് 550സിസി റാലികളിൽ പങ്കെടുത്തുതുടങ്ങിയത്, ജീമോൻ പറഞ്ഞു.
അപ്രതീക്ഷിത ബ്രേക്ക്
പക്ഷെ 2020ൽ ജീവിതം അപ്രതീക്ഷിതമായി ഒന്ന് ബ്രേക്ക് പിടിച്ചു. ഡ്യൂട്ടിയിൽ നിൽക്കുമ്പോഴൊക്കെ കാലിന്റെ തുടഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ഇത് കൂടികൂടി അവസാനം കാല് നിലത്ത് കുത്താൻ പാടില്ലാത്ത അവസ്ഥയായി. തന്റെ റൈഡർ ജീവിതം അവസാനിച്ചെന്നുപോലും ജീമോൻ ചിന്തിച്ചു. പിന്നാലെ കീഹോൾ സർജറിക്ക് വിധേയനായി. പക്ഷെ ഇത് കൂടുതൽ വഷളായി. ഒരു മാസം ബെഡ്‌റെസ്റ്റ് ആയിരുന്നു. കൂടുതൽ ചികിത്സകൾക്ക് ശേഷം എഴുന്നേറ്റ് നിൽക്കാം എന്ന അവസ്ഥയിലെത്തി. പക്ഷെ ഒരടി വയ്ക്കണമെങ്കിൽ അഞ്ച് മിനിറ്റ് വേണം എന്ന സ്ഥിതിയായിരുന്നു. അതോടെ ഒരു ഓപ്പൺ സർജറി നടത്തി നട്ടെല്ലിന് ഉറപ്പേകാൻ രണ്ട് ടൈറ്റാനിയം ദണ്ഡുകൾ ശരീരത്തിൽ ഘടിപ്പിച്ചു. പതിയെ വ്യായാമത്തിലൂടെ ജീമോൻ കരുത്ത് തിരിച്ചുപിടിച്ചു. അങ്ങനെ ഒരു വർഷത്തിനുള്ളിൽ തന്റെ ആഗ്രഹം കീഴടക്കാൻ ജീമോൻ വീണ്ടുമിറങ്ങി.
2021ലെ ഹിമാലയൻ റാലിയിൽ പങ്കെടുത്ത് അഞ്ചാമതെത്തി. ഇനി ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പാണ് ജീമോന്റെ ലക്ഷ്യം. ഇത് ഒരുപക്ഷെ തന്റെ അവസാനത്തെ റെയ്‌സ് ആയിരിക്കുമെന്നാണ് ജീമോൻ പറയുന്നത്. ഡിപ്പാർട്ട്‌മെന്റിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സാമ്പത്തികമാണ് റേയ്‌സിങ്ങിനോട് ഗുഡ്‌ബൈ പറയാനുള്ള തീരുമാനത്തിന് പിന്നിലെന്നും ജീമോൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates