ഉമീദ് പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും (1.53 ലക്ഷം) പശ്ചിമ ബംഗാളുമാണ് (1.32 ലക്ഷം) ആദ്യ രണ്ട് സ്ഥാനങ്ങളില്‍
 Waqf Board
സംസ്ഥാന വഖഫ് ബോര്‍ഡ്
Updated on
1 min read

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 'ഉമീദ്' പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് രാജ്യത്ത് വഖഫ് ആസ്തികളുടെ ഡിജിറ്റലൈസേഷനില്‍ കേരളം മുന്‍നിരയിലെത്തി. രാജ്യത്താകെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളുടെ 10 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഒന്നാമത്. ഡോ ഭീം സിങ്ങിന്റെ എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജൂലൈ 21 വരെയുള്ള കണക്കുകള്‍ പ്രകാരം പോര്‍ട്ടലില്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തതില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും (1.53 ലക്ഷം), പശ്ചിമ ബംഗാളുമാണ് (1.32 ലക്ഷം) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. തെലങ്കാന (63,984), കര്‍ണാടക (58,845), ഗുജറാത്ത് (30,783), രാജസ്ഥാന്‍ (32,335), മധ്യപ്രദേശ് (32,374) തുടങ്ങിയ വലിയ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്.

കേരളം പോര്‍ട്ടലില്‍ സമര്‍പ്പിച്ച 79,905 സ്വത്തുക്കളില്‍ 63,086 എണ്ണം അംഗീകരിച്ചു. 7,979 സ്വത്തുക്കള്‍ പരിശോധന നടത്തിവരികയാണ്. 3,902 സ്വത്തുക്കള്‍ ഡേറ്റ എന്‍ട്രി ഘട്ടത്തിലാണ്. 4,921 എന്‍ട്രികള്‍ നിരസിക്കുകയോ തെറ്റുതിരുത്തലിനായി തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.

രാജ്യവ്യാപകമായി അപ്‌ലോഡ് ചെയ്തത് 7,99,027 വഖഫ് സ്വത്തുക്കള്‍

രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ഏകീകൃത ഡിജിറ്റല്‍ വിവരശേഖരണം ലക്ഷ്യമിട്ട് 2025 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ ആരംഭിച്ചത്. വഖഫ് ആസ്തികളുടെ ഭരണനിര്‍വ്വഹണം സുതാര്യമാക്കാനും തര്‍ക്കങ്ങളും കയ്യേറ്റങ്ങളും തടയാനുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആദ്യം ആറ് മാസത്തെ സമയമാണ് നല്‍കിയിരുന്നതെങ്കിലും, ട്രൈബ്യൂണലുകളില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തിന് 2025 ഡിസംബറില്‍ അഞ്ച് മാസത്തെയും 2026 മെയില്‍ ഒരു മാസത്തെയും അധിക സമയം അനുവദിച്ചിരുന്നു.

രാജ്യത്താകെ 7,99,027 വഖഫ് സ്വത്തുക്കള്‍ ഇതുവരെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 6,17,192 എണ്ണം പരിശോധിച്ചു ഉറപ്പുവരുത്തുകയും അംഗീകരിക്കുകയും ചെയ്തു. വഖഫ് ഭരണനിര്‍വ്വഹണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും ഈ ഡിജിറ്റലൈസേഷന്‍ നിര്‍ണായകമാകും. രാജ്യത്തുടനീളം സ്വകാര്യ വ്യക്തികളോ സര്‍ക്കാര്‍ ഏജന്‍സികളോ കയ്യേറിയ 53,930 വഖഫ് സ്വത്തുക്കളുടെ വിവരങ്ങളും പോര്‍ട്ടലില്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായ ശേഷമേ കയ്യേറ്റ സ്വത്തുക്കളുടെ കൃത്യമായ എണ്ണവും ഒഴിപ്പിക്കല്‍ നടപടികളുടെ പുരോഗതിയും നിര്‍ണയിക്കാനാകൂ എന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

 Waqf Board
വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ'
 Waqf Board
വഖഫ് ബോര്‍ഡ് : ഗൂഢാലോചനക്കു പിന്നിലെ രഹസ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് - ഐ എന്‍ എല്‍
 Waqf Board
'ക്ഷേത്രം നോക്കേണ്ടത് വിശ്വാസികള്‍; സിപിഎം അത്തരമൊരു തീരുമാനം എടുത്തിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തത്'
Summary

Kerala registers 79,905 waqf assets on UMEED portal

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com