

കോഴിക്കോട് : മുനമ്പം വഖഫ് ഭൂമി പിടിച്ചെടുത്ത് കൈയ്യേറ്റക്കാരായ റിസോര്‍ട്ട്, ബാര്‍ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ചിരകാല പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുസ്ലിം ലീഗുമായും വഖഫ് മന്ത്രി എന്‍. ഷംസുദ്ദീനുമായും നടത്തിയ ഗൂഢാലോചന ഞെട്ടിപ്പിക്കുന്നതാണെന്ന് ഐഎന്‍എല്‍. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട നിലവിലെ വഖഫ് ബോര്‍ഡ്, മുനമ്പം വഖഫ് വിഷയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്ന് മനസ്സിലാക്കിയ വി ഡി സതീശന്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെ മുന്നില്‍ നിര്‍ത്തി ഫയല്‍ ചെയ്ത ഹര്‍ജി മറയാക്കി കോടതിയില്‍ നാടകം കളിക്കുകയായിരുന്നുവെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധി അഡീഷണല്‍ സോളിസിറ്റര്‍ ജനറലും എതിര്‍പ്പുകള്‍ വകവെക്കാതെ മുഖ്യമന്ത്രി നിയോഗിച്ച അഡ്വക്കേറ്റ് ജനറലും ബി.ജെ.പി നേതാവിന്റെ വാദങ്ങള്‍ അക്ഷരം പ്രതി പിന്തുണച്ചത് 2025ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന, കോണ്‍ഗ്രസും ലീഗുമടക്കം ശക്തമായി എതിര്‍ത്ത 2025ലെ നിയമത്തിലെ വിവാദ വകുപ്പ് എടുത്തു കാട്ടിയാണ്. അതേ സമയം, റവന്യൂമന്ത്രി എ പി അനില്‍ കുമാര്‍ അറിയാതെ മന്ത്രി ഷംസുദ്ദീന്റെ ആവശ്യാനുസരണം റവന്യൂ അണ്ടര്‍സെക്രട്ടറി പുഷ്പവല്ലിയുടെ പേരില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ സ്‌പെഷല്‍ പ്ലീഡര്‍ പി.എം സനീര്‍ വഴി പുഷ്പവല്ലി നല്‍കിയ സത്യവാങ്മൂലത്തില്‍ 2025ലെ നിയമ പ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് അമുസ്ലിംകളെ ഉള്‍പ്പെടുത്താത്തതുകൊണ്ട് നിലവിലെ ബോര്‍ഡ് നിയമാനുസൃതമല്ല എന്ന് ഇപ്പോള്‍ ശക്തമായി വാദിക്കുന്നത് മുസ്ലിം ലീഗും വകുപ്പ് മന്ത്രിയുമാണ്. രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന വിവാദ നിയമത്തിലെ വകുപ്പിനെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹിന്ദുത്വ സര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ കവരാനും ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കാനും കൊണ്ടുവന്ന നിയമ പരിഷ്‌ക്കാരത്തിനെതിരെ കോഴിക്കോട് പതിനായിരങ്ങള്‍ പങ്കെടുത്ത വഖഫ് സംരക്ഷണ റാലി നടത്തിയവരാണ് മുസ്ലിം ലീഗുകാര്‍.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ മുസ്ലിംകള്‍ അല്ലാത്ത ആരെങ്കിലും കയറിക്കൂടുമെന്ന് പറഞ്ഞ് പള്ളികളിലും മറ്റും വ്യപകമായി കാമ്പയില്‍ നടത്തി സാമുദായിക വിഭജനത്തിനു പോലും ഷംസുദ്ദീന്റെ പാര്‍ട്ടി ഒരുമ്പെട്ടിറങ്ങിയത് ആരും മറന്നിട്ടില്ല. അമുസ്ലിം അംഗങ്ങളുടെ ഒഴിവ് നികത്താതെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ വഖഫ് ബോര്‍ഡ് പിരിച്ചു വിട്ട് തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് ആടുന്ന ബോര്‍ഡിനെ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണ് അണിയറയില്‍ അരങ്ങേറുന്നത്.
തീരദേശത്തെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ കൈയ്യിലാണന്നിരിക്കെ, ബോര്‍ഡിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാനാണ് മുഖ്യമന്ത്രി സതീശന്റെ ശ്രമം. ന്യൂനപക്ഷങ്ങളുടെ കൈയ്യില്‍ നിന്ന് ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള മോദി സര്‍ക്കാറിന്റെയും ആര്‍.എസ്.എസിന്റെയും അജണ്ടയാണ് കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗരൂകരാകണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates