

തിരുവനന്തപുരം: ആഗസ്റ്റ് 17ന് കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി നിരത്തിലെത്തുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വന്‍കിട കമ്പനികള്‍ക്ക് മാത്രം സാധ്യമായ മേഖലയെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തൊഴില്‍രംഗത്തെ വിപ്ലവകരമായ ഇടപെടലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളസവാരിയില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനൊപ്പം മോട്ടോര്‍ തൊഴിലാളികള്‍ക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം പഠനവിധേയമാക്കി ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പി ആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സവാരിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്‌സി നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുക.മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളില്‍ അത് 25 ശതമാനത്തിലും മുകളിലാണ്. സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന എട്ടുശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവർമാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും.നിലവിലെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ട്.
തിരക്കുള്ള സമയങ്ങളില്‍ കമ്പനികള്‍ സര്‍വീസുകള്‍ക്ക് ഒന്നര ഇരട്ടിവരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കേരളസവാരിയില്‍ അത്തരം നിരക്ക് വര്‍ധനവ് ഉണ്ടാവുകയില്ലെന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടുന്ന ന്യായമായ കൂലി അവര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാം. അകാരണമായുള്ള ക്യാന്‍സലേഷന് ചെറിയ തുക ഫൈന്‍ നല്‍കേണ്ടിവരും. യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരളസവാരിയില്‍ ഏറെ കരുതലാണ് നല്‍കിയിട്ടുള്ളത്.
പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണിത്. െ്രെഡവര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. . പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുള്ള ഡ്രൈവർമാര്‍ക്ക് മാത്രമേ പദ്ധതിയില്‍ അംഗമാകാനാവു. കേരളസവാരി ആപ്പില്‍ പാനിക് ബട്ടണ്‍ സംവിധാനമുണ്ട്. അപകടസാഹചര്യങ്ങളില്‍ ഈ ബട്ടണ്‍ അമര്‍ത്താം. തീര്‍ത്തും സ്വകാര്യമായി ഒരാള്‍ക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ യാത്രക്കാരന്‍ അത് ചെയ്താല്‍ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ബട്ടണ്‍ അമര്‍ത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ട് വിവരമെത്തും. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും.
.
പദ്ധതിയില്‍ അംഗങ്ങളാകുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഓയില്‍, വാഹന ഇന്‍ഷുറന്‍സ്, ടയര്‍,ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജന്‍സി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തില്‍ യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ടൂറിസ്റ്റ് ഗൈഡുകളെപോലെ പ്രവര്‍ത്തിക്കാവുന്നതരത്തില്‍ ഡ്രൈവർമാര്‍ക്ക് പരിശീലനം നല്‍കും. വാഹനങ്ങളില്‍ പരസ്യങ്ങള്‍ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഡിവൈസുകള്‍ തൊഴില്‍ വകുപ്പ് നല്‍കും. പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും തൊഴിലാളികള്‍ക്കും ബാക്കി യാത്രക്കാര്‍ക്ക് പ്രമോഷണല്‍ ഓഫറുകള്‍ നല്‍കാനും ഉപയോഗിക്കും. എയര്‍പോര്‍ട്ട്, റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കേരള സവാരിക്കായി പ്രത്യേക പാര്‍ക്കിംഗ് സംവിധാനമൊരുക്കും.
വാഹനങ്ങള്‍ തിരിച്ചറിയാന്‍ കേരള സവാരി സ്റ്റിക്കറുകള്‍ പതിപ്പിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വനിതാ ഡ്രൈവർമാരടക്കം 500 ഓട്ടോ ടാക്‌സി ഡ്രൈവർമാര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയതായും മന്ത്രി അറിയിച്ചു.പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. കേരള സവാരിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates