വിദേശ ഇന്ത്യക്കാരുടെ രേഖകള്‍ എംബസിക്ക് സാക്ഷ്യപ്പെടുത്താം; ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി

ഇന്ത്യയിലെ അംഗീകൃത നോട്ടറി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതിന് തുല്യമായി ഇതിനെ പരിഗണിക്കണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പരസ്പരം അംഗീകരിക്കുന്ന കരാറില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇന്ത്യയിലെ അംഗീകൃത നോട്ടറി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതിന് തുല്യമായി ഇതിനെ പരിഗണിക്കണം. 

തിരുവനന്തപുരം നെട്ടയം സ്വദേശികളായ ഷാനും നിത്യയും തമ്മിലുള്ള വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുമതി തേടി ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഒരു രാജ്യത്ത് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മറ്റൊരു രാജ്യത്ത് അംഗീകരിക്കുന്നതിനുള്ള ഹേഗ് അപ്പോസ്റ്റില്‍ കണ്‍വെന്‍ഷനില്‍ പങ്കാളിയല്ലാത്ത രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഇതോടെ എംബസി ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കും. 

കനേഡിയന്‍ പൗരത്വമുള്ള ഓവര്‍സീസ് ഇന്ത്യക്കാരിയായ നിത്യയ്ക്ക് ജോലി സംബന്ധമായി കാനഡയിലേക്ക് അടിയന്തരമായി മടങ്ങേണ്ടിവന്നു. ഇതിനാല്‍ വിവാഹം ഓണ്‍ലൈനില്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ വിവാഹം കഴിക്കാന്‍ നിത്യ അവിവാഹിതയാണെന്ന് കാനഡയിലെ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പരസ്പരം അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയില്ല. 

ഡിപ്‌ളോമാറ്റിക് ആന്‍ഡ് കോണ്‍സുലര്‍ ഓഫീസേഴ്സ് ഓത്ത് ആക്ട് പ്രകാരം എംബസി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ആര്‍വി ശ്രീജിത്ത് വാദിച്ചു. ഇത് അംഗീകരിച്ചാണ് കാനഡയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും നോട്ടറി നടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹര്‍ജിക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വിവാഹംകഴിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഇതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. വിവാഹരജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാകുന്ന സാക്ഷികള്‍ വിദേശത്തുള്ള വധുവിനെ തിരിച്ചറിയണം, വധുവിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം, പവര്‍ ഒഫ് അറ്റോര്‍ണിയുള്ള വ്യക്തി വിവാഹരേഖയില്‍ ഒപ്പുവക്കണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com