'ഗണേഷ് കുമാര്‍ ഞാഞ്ഞൂല്‍'; പത്തനാപുരത്ത് വരുന്നത് സിപിഐയെ പുലഭ്യം പറയാന്‍; കെ രാജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 08:42 AM  |  

Last Updated: 27th July 2022 08:42 AM  |   A+A-   |  

ganesh kumar-k raju

കെ ബി ഗണേഷ് കുമാര്‍, കെ രാജു


തിരുവനന്തപുരം: എംഎല്‍എ കെ ബി ഗണേഷ് കുമാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ രാജു. സിപിഐക്കെതിരെ പുലഭ്യം പറയാനാണ് ഗണേഷ് പത്തനാപുരത്ത് വരുന്നത്. ഘടക കക്ഷിയിലെ ഞാഞ്ഞൂലുകളാണ് കേരളാ കൊണ്‍ഗ്രസ് (ബി) എന്നും കെ രാജു പരിഹസിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തിന് എതിരെയാണ് കെ രാജു രംഗത്തുവന്നത്. 

ഇടത് മുന്നണിയിലെ ഘടക കക്ഷി എന്ന നിലയില്‍ കേരളാ കൊണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ അറിയില്ല. ഞാഞ്ഞൂലുകള്‍ സിപിഐയെ വിമര്‍ശിക്കാന്‍ വരേണ്ടന്നും രാജു പരിഹസിച്ചു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ഗണേഷിനെ മന്ത്രിയാക്കുമെന്നും ഇപ്പോഴെ മന്ത്രിയാകേണ്ടന്നും കെ രാജു പറഞ്ഞു. പത്തനാപുരത്ത് പ്രാദേശിക തലത്തില്‍ ഗണേഷ് കുമാര്‍ സിപിഐക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ സംസ്ഥാന നേതൃത്വം ഗൗരവകരമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് കെ രാജു 2019ല്‍ ഇറക്കിയ ഉത്തരവാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് (ബി) യുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാര്‍ പ്രസംഗിച്ചത്. എന്നാല്‍ വിഷയത്തില്‍ സാമാന്യ ജ്ഞാനം ഇല്ലാത്തയാളാണ് ഗണേഷ് എന്നും സുപ്രീം കോടതിയാണ് ബഫര്‍ സോണില്‍ തീരുമാനമെടുത്തതെന്നും കെ രാജു പറഞ്ഞു. ഗണേഷ് എല്ലാ രീതിയിലും നല്ല നടനാണ് അവസരം കിട്ടുമ്പോഴെല്ലാം സിപിഐക്കെതിരെ പുലഭ്യം പറയുമെന്നും കെ രാജു കൂട്ടിച്ചേര്‍ത്തു.

 

ഈ വാർത്ത കൂടി വായിക്കാം കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ