

കൊച്ചി: 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിയില്‍ രാത്രി അടിയന്തിരമായി വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഹര്‍ജിയില്‍ നാളെ ഉത്തരവ് ഉണ്ടാകും.
അപ്പീല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റിയതോടെ നാളെ നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് ഉണ്ടാകില്ല. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിങ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.
ചിത്രത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ 'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ ഒന്നാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് 'ദി കേരള സ്റ്റോറി 2'. കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates