supreme court
സുപ്രീംകോടതിഫയല്‍

വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം, നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്യും

വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.
Published on

ന്യൂഡല്‍ഹി: വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്യും. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.

വഖഫ് നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. നാളെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ വളരെ കുറച്ചുപേരുടെ വാദങ്ങള്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകള്‍ കേട്ടിരുന്നത്.

നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗണ്‍സില്‍, ബോര്‍ഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നേരത്തെ നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com