തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാലയില്‍ നടപടികള്‍ തുടരുന്നു. അവധിയില്‍ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി വിസി നിയമിച്ചു. ഭരണവിഭാഗത്തില്‍ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് വൈസ് ചാന്‍സലര്‍ മാറ്റുകയും ചെയ്തിട്ടുണ്ട്.
സര്‍വകലാശാല രജിസ്ട്രാറുടെ ചുമത പ്ലാനിങ് ഡയറക്ടര്‍ ഡോ മിനി കാപ്പന് നല്‍കി വിസി ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് വിസിയുടെ നടപടി. എന്നാല്‍ ചുമതല ഒഴിയാന്‍ ഡോ. കെ എസ് അനില്‍കുമാര്‍ തയ്യാറായിട്ടില്ല. ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാര്‍ അനില്‍കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഞായറാഴ്ച ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയായിരുന്നു.
ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ബഹളത്തെത്തുടര്‍ന്ന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാര്‍ യോഗത്തില്‍ സംബന്ധിച്ചതിലുമാണ് വിസി റിപ്പോര്‍ട്ട് തേടിയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ വിസിക്ക് മറുപടി നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാര്‍ രണ്ടാഴ്ചത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചതും, ചട്ടവിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനോട് വിസി റിപ്പോര്‍ട്ട് തേടിയത്. ഞായറാഴ്ച ഓഫീസിലെത്തിയ രജിസ്ട്രാറുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വൈസ് ചാൻസലർ, അനില്‍കുമാര്‍ ഓഫീസിലെത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
