തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തെ ഐടി വ്യവസായത്തില്‍ വന്‍കുതിപ്പ് നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 181 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചതായും 10,400 പുതിയ തൊഴിലവസരങ്ങള്‍ ഐടി പാര്‍ക്കുകളില്‍ മാത്രമായി സൃഷ്ടിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 41, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 100, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 40 എന്നിങ്ങനെയാണ് പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ-അന്തര്‍ദ്ദേശീയ ഐ.ടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ക്ഷിക്കുന്നതിനാവശ്യമായ മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചു. ഐടി സംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതായും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മഹാമാരിക്കു മുന്നില്‍ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിര്‍ത്താന്‍ മാത്രമല്ല കൂടുതല്‍ ആളുകളെ കൊണ്ടുവരാനും നമുക്കു സാധിച്ചു. കോവിഡ് കാലയളവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 41, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 100, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 40 എന്നിങ്ങനെ ആകെ 181 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. മൊത്തം 10400 പുതിയ തൊഴിലവസരങ്ങളും ഐടി പാര്‍ക്കുകളില്‍ മാത്രമായി സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ-അന്തര്‍ദ്ദേശീയ ഐ.ടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ക്ഷിക്കുന്നതിനാവശ്യമായ മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചു. ഐടി സംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 2 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം 'കബനി'യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി
പ്രവര്‍ത്തനക്ഷമമാക്കുകയും 10.33 ഏക്കറില്‍ 80 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കി വരുന്നു. ഒന്നാം ഘട്ടത്തില്‍ 1.6 ഏക്കര്‍ ഭൂമിയിലേക്ക് ഉപസംരംഭകരെ കണ്ടെത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും തൃശൂര്‍ (കൊരട്ടി) യിലുമായി 57250 ച. അടി പ്ലഗ് ആന്‍ഡ് പ്ലേ ഐ ടി സ്‌പേസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഐടി വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുകകള്‍ വകയിരുത്തിയിരുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ടി. ഇടനാഴികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐ.ടി. സൗകര്യം, ടെക്‌നോപാര്‍ക്ക് ഫേസ് 111, സാറ്റലൈറ്റ് ഐ.ടി. പാര്‍ക്കുകള്‍ എന്നീ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്ന് 1000 കോടി വകയിരുത്തുകയും ചെയ്തു. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ സാധിക്കുന്ന ഐടി വ്യവസായത്തിന്റെ വികസനം സാധ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിന്റെ ഫലമായാണ് കോവിഡ് കാലത്തും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates