

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 ലധികം സീറ്റ് ഉറപ്പാണ്. യുഡിഎഫ് വിസ്മയമുണ്ടാകും. വെറുതെ ഇടതുമുന്നണിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയല്ല നമ്മുടെ ലക്ഷ്യം. അവര്‍ പരാജയപ്പെട്ട സ്ഥലങ്ങളില്‍ നമ്മളെങ്ങനെ വിജയിക്കും എന്നതാണത്.
എൽഡിഎഫ് തകര്‍ത്ത സ്ഥലങ്ങളില്‍ നമ്മെളങ്ങനെ കേരളത്തെ കൈപിടിച്ചുയര്‍ത്തും. ആരോഗ്യരംഗത്ത്, കാര്‍ഷിക രംഗത്ത് അങ്ങനെ. സമ്പദ്ഘടന തകര്‍ത്ത് തരിപ്പണമാക്കി. ഏറ്റവും വലിയ കടത്തിന്റെ കാണാക്കയങ്ങളിലാണ് കേരളം. അവിടെ നിന്ന് കേരളത്തിന്റെ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ നമ്മുടെ കയ്യില്‍ മോശയുടെ വടിയോ, അലാവുദ്ദീന്റെ അത്ഭുത വിളക്കോ ഒന്നുമില്ല. പക്ഷെ കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് നടത്തി കേരളത്തെ നമ്മള്‍ തിരിച്ചു കൊണ്ടുവരും.
കേരളത്തിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കും. കേരളത്തിന്റെ നികുതി വരുമാനം ഞാന്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞപ്പോള്‍, കേരളത്തിലെ ആളുകളെ നികുതി കൊള്ള നടത്തുമെന്നാണ് സിപിഎം നേതാക്കള്‍ വ്യാഖ്യാനിച്ചത്. കേരളത്തിന്റെ ഖജനാവില്‍ നിന്നും നിങ്ങള്‍ കൊള്ളയടിച്ച പണം ഞങ്ങള്‍ തിരികെ കൊണ്ടുവരുമെന്നാണ് പറഞ്ഞത്. നികുതി കൊള്ള നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്, ആ നികുതി കൊണ്ട് യുഡിഎഫ് ഖജനാവ് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ പണം കൊണ്ട് ക്ഷേമ പരിപാടികളും വികസന പരിപാടുകളും പ്രഖ്യാപിച്ച പരിപാടികളും നടത്തും. യുഡിഎഫ് പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍, കേരളത്തില്‍ ഒരു മുന്നണിയും പ്രഖ്യാപിക്കാത്ത, കേരളത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതികളായിരിക്കും. യാഥാര്‍ത്ഥ്യബോധത്തോടു കൂടി, നൂറുശതമാനം ആത്മാര്‍ത്ഥതയോടെ, നടപ്പാക്കാന്‍ കഴിയുമെന്ന് പൂര്‍ണബോധ്യമുള്ള, പ്രാക്ടിക്കലായ പദ്ധതികളാണ് കൊണ്ടുവരിക. ഈ തേരോട്ടം കേരളത്തിലെ ജനങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റു വാങ്ങിക്കൊണ്ടുള്ള തേരോട്ടമാണ്. കോണ്‍ഗ്രസ് ഒരു വാക്കു പറഞ്ഞാല്‍ കബളിപ്പിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്ന പദ്ധതികളുമായി നമ്മള്‍ മുന്നോട്ടു പോകും.
ഇന്നത്തെ യുഡിഎഫ് കുറേ പാര്‍ട്ടികളുടെ ഒരു കോണ്‍ഫെഡറേഷന്‍ അല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. ഇടതുപക്ഷത്തിൻ്റെ സഹയാത്രികരായവർ യുഡിഎഫിനൊപ്പമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം ഉണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരാളും പിണങ്ങില്ലെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates