

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11ന് ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കിഫ്ബി സിഇഒ കൂടിയായ കെ എം എബ്രഹാമിന്റെ പ്രതികരണം. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യങ്ങള്‍. നമ്മള്‍ ലക്ഷ്യം നേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുകയാണ് എന്നായിരിക്കും പറയാന്‍ സാധിക്കുക. ലക്ഷ്യത്തിലെത്തി എന്ന് ഉറപ്പിച്ച് പറയും മുന്‍പ് ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ടെന്നും കെ എം എബ്രഹാം പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിലാണ് കിഫ്ബി സിഇഒയുടെ പ്രതികരണം.
കിഫ്ബി എന്ന ആശയം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്, എന്നാല്‍ 2016 ന് ശേഷമുള്ള സാഹചര്യത്തെ കുറിച്ചാണ് താന്‍ പറയുന്നത് എന്ന മുഖവുരയോട് കൂടിയാണ് കെ എം എബ്രഹാം നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ചത്. കിഫ്ബിയെ ഒരു അടിസ്ഥാന സൗകര്യ നിര്‍മ്മാണ സ്ഥാപനമായി മാത്രം പരിമിതപ്പെടുത്തരുത്. 'നവ കേരളം' എന്ന വലിയ ആശയത്തിന്റെ ഭാഗമായി അതിനെ വിലയിരുത്തേണ്ടതുണ്ട്. ഒരു ശരാശരി മലയാളിക്ക്, 'നവ കേരളം' എന്നത് ഒരു പുതിയ പദമല്ല. ആ ലക്ഷ്യം നേടുന്നതിനുള്ള ഒരു പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് കിഫ്ബി. അതിനാല്‍ കിഫ്ബി ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുകയാണ് എന്നും ലക്ഷ്യത്തിലെത്തി എന്ന് പ്രഖ്യാപിക്കാന്‍ ദൂരങ്ങള്‍ ഇനിയും താണ്ടാനുണ്ടെന്നും പറയേണ്ടിവരും.
ന്യൂക്ലിയര്‍ ഫിസിക്‌സിലെ ക്രിട്ടിക്കല്‍ മാസ് എന്ന ആശയത്തിന് സമാനമായി നിശ്ചിത ക്രിട്ടിക്കല്‍ അവസ്ഥ കൈവരിക്കാതെ വികസനം പൂര്‍ണമായെന്ന് പറയാന്‍ കഴിയില്ല. ഒരു കോളേജ് നിര്‍മ്മിച്ചാല്‍ ഉന്നത വിദ്യാഭ്യാസം വളര്‍ന്നു എന്ന് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇത്തരത്തില്‍ ഒരു ലക്ഷ്യം കൈവരിക്കാനുള്ള ഊര്‍ജമാണ് കിഫ്ബി എന്നും കെ എം എബ്രഹാം പറയുന്നു.
90,520 കോടി രൂപ ചെലവില്‍ 1,190 പദ്ധതികള്‍ ആണ് കിഫ്ബിക്ക് കീഴില്‍ പുരോഗമിക്കുന്നത്. ഇതില്‍ മൂന്നില്‍ ഒന്ന് മാത്രമേ പുര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളു. അതിനാല്‍ കിഫ്ബിയുടെ പൂര്‍ണായ സംഭാവനകള്‍ കേരളം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. മികച്ച് വരാനിക്കുകയാണ് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി ഇടപെടല്‍ , നിര്‍ണായകമായ വര്‍ച്ചയ്ക്ക് ഗുണം ചെയ്തു. അടുത്ത മേഖല ഉന്നത വിദ്യാഭ്യാസമാണ്. ഈ മേഖലയില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുകയും ദരിദ്രര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും കിഫ്ബി സിഇഒ പറയുന്നു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് ഭരണകാലത്തും കിഫ്ബി പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു എന്നും കെ എം എബ്രഹാം പറയുന്നു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ കീഴില്‍ ഒരു ആന്തരിക കമ്മിറ്റി രൂപീകരിച്ചു. ആധുനിക വിപണികള്‍ വിലയിരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. വിപണിയില്‍ നിന്ന് 25,000 കോടി രൂപ വരെ സമാഹരിക്കാമെന്നായിരുന്നു ആശയം. ടോള്‍ റോഡുകള്‍, വ്യാവസായിക പാര്‍ക്കുകള്‍ തുടങ്ങിയ വാണിജ്യപരമായി ലാഭകരമായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുക എന്നതായിരുന്നു ആശയം. എന്നാല്‍ നിര്‍ണായകമായ ഇടപെടല്‍ ഉണ്ടായത് 2016 ല്‍ ആണ്. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധന മന്ത്രി തോമസ് ഐസക്കും വരുമാമനം കണക്കാക്കാതെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കിഫ്ബിയെ ഉപയോഗിക്കാമെന്ന തീരുമാനമാണ് നിര്‍ണായകമായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates