

മലപ്പുറം: കേരളത്തെ ലഹരിയില്‍ മുക്കിയ അന്താരാഷ്ട്ര ലഹരി കടത്ത് മാഫിയയുടെ തലവന്‍ ഒടുവില്‍ കേരളാ പൊലീസിന്റെ പിടിയില്‍. കേരളത്തിലേക്ക് ഉള്‍പ്പെടെ ലഹരി ഒഴുക്കി സമ്പാദിച്ച കോടികളുമായി നൈജീരിയയിലേക്ക് മുങ്ങാന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശി ഇക്കേചുക്വ പോള്‍ ഒഗ്ബോണ്ണ (40), ഭാര്യ ആര്‍ത്തിയുമാണ്(42) മുംബൈയില്‍ കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കൊണ്ടോട്ടി അരൂരില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26ന് തട്ടാരംചോല വീട്ടില്‍ രതീഷ് (38) എന്നയാളില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസില്‍ തുടങ്ങിയ അന്വേഷണമാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള പൊലീസ് സംഘത്തെ മുംബൈ, ഉള്‍വെയില്‍ എത്തിച്ചത്. 15 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയ പോള്‍, 8 വര്‍ഷം മുന്‍പ് മുംബൈ സ്വദേശി ആര്‍ത്തിയെ വിവാഹം കഴിച്ച് മുംബൈയില്‍ താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുറമെ കുടുംബ ജീവിതം, അകത്ത് കേരളത്തിലേക്കും കര്‍ണാടകയിലേക്കും എംഡിഎംഎയുടെ ഒഴുക്ക്. ലഹരി വില്പനയിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
സംഘത്തിലെ പ്രധാന കണ്ണികള്‍ കേരളത്തില്‍ പിടിയിലായതോടെ പണം നൈജീരിയയിലേക്ക് കടത്തി, അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പോളിന്റെ പേരില്‍ മുംബൈയില്‍ നേരത്തെ കേസുണ്ട്. കൂടാതെ മലപ്പുറം, കേഴിക്കോട്, പാലക്കാട് ജില്ലകളില്‍ പിടികൂടിയ പ്രധാന ലഹരി കേസുകളില്‍ പൊലീസ് ഇവരെ അന്വേഷിക്കുകയായിരുന്നു.
ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട പ്രധാന രേഖകളും രണ്ടു ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 ഓളം പ്രതികളെ പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി എ ജെ ജോണ്സന്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, എഎസ്ഐ തുളസി, ഡാന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്മണ്യന് എന്നിവരടങ്ങിയ സംഘമാണ് മുംബൈയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates