സര്‍ക്കാരിന് എതിരായ കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ ഗൗരവതരം; പരിശോധന സമയത്ത് മാനേജ്‌മെന്റ് ഒരു പരാതിയും പറഞ്ഞില്ല: പി രാജീവ്

സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്
മന്ത്രി പി രാജീവ്, സാബു എം ജേക്കബ് / ഫയല്‍
മന്ത്രി പി രാജീവ്, സാബു എം ജേക്കബ് / ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്‌സില്‍ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി ടി തോമസ് എംഎല്‍എ വിഷയം നിയമസഭയില്‍ ഇന്നയിച്ചു. സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി ടി തോമസ് സഭയില്‍ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടര്‍ന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു.

പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കിറ്റക്‌സില്‍ നടന്ന പരിശോധനകള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. പരിശോധന നടക്കുന്ന സമയം ഒരു പരാതിയും കമ്പനി മാനേജ്‌മെന്റ് പ്രകടിപ്പിച്ചിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉള്ളതായി ഏതെങ്കിലും വകുപ്പുകളെ കമ്പനി മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല. 

പരാതികള്‍ ഉണ്ടെങ്കില്‍ വ്യവസായ വകുപ്പിനെ അറിയിക്കാന്‍ ടോള്‍ ഫ്രീ സംവിധാനമുണ്ട്. വേണമെങ്കില്‍ മന്ത്രിയെ നേരിട്ടോ മുഖ്യമന്ത്രിയെ തന്നെയോ വിളിക്കാം. എന്നാല്‍ കിറ്റക്‌സ് മുതലാളി  ഇതൊന്നും പ്രയോജനപ്പെടുത്താതെ സമൂഹമാധ്യമങ്ങളെ ആരോപണങ്ങള്‍ ഉന്നയിക്കാനായി തിരഞ്ഞെടുത്തു. 

കിറ്റക്‌സില്‍ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണില്‍ കിട്ടാത്തതിനാല്‍ സഹോദരനെ വിളിച്ചു. വളരെ സൗഹാര്‍ദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു. 

ജൂണ്‍ 29നാണ് വ്യവസായപദ്ധതിയില്‍ നിന്ന്  പിന്മാറുന്നതായി അവര്‍ പ്രഖ്യാപിച്ചത്. അന്നും അവരുമായി താന്‍ നേരിട്ട് ബന്ധപ്പെടാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അദ്ദേഹത്തെ നേരിട്ട് പോയി ബന്ധപ്പെട്ടു. സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും തങ്ങള്‍ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 

ദേശീയ തലത്തില്‍ തന്നെ മികച്ച നിക്ഷേപസൗഹാര്‍ദ അന്തരീക്ഷുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകളിലടക്കം കേരളത്തിന്റെ റാങ്കിങ് വളരെ ഉയര്‍ന്ന നിലയിലാണ്. യുപി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്ന് പറയുന്നതൊക്കെ അപമാനകരമാണെന്നും വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com