

അഴിമതിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെകെ രമ എംഎൽഎ. ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണ് എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ. കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്നും രമ കുറിച്ചു.
കെകെ രമയുടെ കുറിപ്പ് വായിക്കാം
ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ
കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത
പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് 
കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു.  ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം. 
പക്ഷേ ഈ ദുഷ്പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്. 
ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എ.ഐ ക്യാമറ ഇടപാടഴിമതി... 
ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.
കെ.കെ.രമ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
