

കൊച്ചി: ലോകത്തെ ട്രെന്‍ഡിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഇടം പിടിച്ച് കൊച്ചി. 2026-ല്‍ ലോകം കാണേണ്ട 10 ട്രെന്‍ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് കൊച്ചി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ ബുക്കിങ്.കോം ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വിയറ്റ്‌നാം, സ്‌പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് കൊച്ചി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രദേശമാണ് കൊച്ചി.
പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കൊച്ചിയുടെ സ്ഥാനം. നൂറ്റാണ്ടുകളുടെ വ്യാപാരം സംസ്കാര പാരമ്പര്യത്താല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നഗരമാണ് കേരളത്തിന്റെ തീര ദേശ നഗരമായ കൊച്ചിയെന്നാണ് വെബ്‌സൈറ്റ് നല്‍കുന്ന വിശദീകരണം. ഫോര്‍ട്ട് കൊച്ചിയില്‍, കൊളോണിയല്‍ കാലഘട്ടത്തിലെ മാളികകളും ചൈനീസ് മത്സ്യബന്ധന വലകളും നഗരത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. കൊച്ചി-മുസിരിസ് ബിനാലെ ഇത്തരം പൈതൃക കെട്ടിടങ്ങളെ സമകാലിക കലാ ഇടങ്ങളായി മാറ്റുന്നു. ഭക്ഷണപ്രിയര്‍ക്ക് സമുദ്രവിഭവങ്ങള്‍ മുതല്‍ തേങ്ങുടെ സ്വാദ് നിറയുന്ന കറികള്‍ വരെ ആസ്വദിക്കാം എന്നും വെബ്‌സൈറ്റ് വിശദീകരിക്കുന്നു.
സാംസ്‌കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിന് ഗുണം ചെയ്തതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തില്‍ എന്ന് തുടങ്ങുന്ന കുറിപ്പിന് ഒപ്പമാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം. 2026-ല്‍ ലോകം കാണേണ്ട 10 ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയില്‍ വിയറ്റ്‌നാം, സ്‌പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഏക പ്രതിനിധിയായി കേരളം! സാംസ്‌കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങള്‍ ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്! എന്നും പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates