കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ; അനുകൂലമായി സതീശനും

എപി അനില്‍കുമാറിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്
kodikkunnil suresh
Kodikunnil Suresh
Updated on: 
1 min read

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന് പിന്തുണയേറുന്നു. എകെ ആന്റണി, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നതായാണ് സൂചന. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്ന നേതാക്കളാണ് ഇവര്‍.

മുഖ്യമന്ത്രി വിഡി സതീശനും കൊടിക്കുന്നില്‍ സുരേഷിന് അനുകൂല നിലപാടിലാണ്. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുള്ള മറ്റൊരു നേതാവായ മന്ത്രി എപി അനില്‍കുമാറിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വ്യത്യസ്ത സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിനാല്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സമവാക്യങ്ങളിലും നിര്‍ണായകമാകും.

എട്ട് തവണ ലോക്സഭാംഗമായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് കെഎസ്യു തലത്തില്‍നിന്ന് ഡിസിസി, കെപിസിസി, എഐസിസി തലങ്ങളിലേക്ക് വളര്‍ന്ന നേതാവാണ്. നേരത്തേ മൂന്ന് തവണ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ആദ്യതവണ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നറുക്കുവീണത്. പിന്നീട് ഭാവിയില്‍ അവസരം നല്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പിനെത്തുടര്‍ന്ന് കെ സുധാകരനുവേണ്ടി അദ്ദേഹം മാറിനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന മൂന്നാമത്തെ നീക്കത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള നേതാവിനെയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്.

കൊടിക്കുന്നിലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനപരിചയത്തിനു പുറമെ, സര്‍ക്കാരിന്റെ കാലാവധി ആരംഭിച്ച് ആറുമാസം തികയുന്നതിന് മുന്‍പ് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നതിനോട് മുഖ്യമന്ത്രി വിഡി സതീശന് താല്‍പര്യമില്ലാത്തതും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് കാരണമാണെന്നാണ് സൂചന. രണ്ട് തവണ മന്ത്രിയായിട്ടുള്ള എപി അനില്‍കുമാര്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാണ്. അധ്യക്ഷ സ്ഥാനത്തോട് അനില്‍കുമാറിന് വലിയ താല്‍പര്യമില്ലെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെയാകും ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പേരുകള്‍ അന്തിമമാക്കും. സോണിയ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതുപോലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളും ഹൈക്കമാന്‍ഡ് തേടും.

ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയാണെങ്കില്‍ സമുദായങ്ങള്‍ക്കിടയിലെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള നേതാവിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാനാണ് സാധ്യത. മുതിര്‍ന്ന നേതാവ് ജോസഫ് വാഴക്കന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

kodikkunnil suresh
വരുമോ വിജിലന്‍സ്?; സാംബശിവറാവുവിന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം, അന്വേഷണം പ്രഖ്യാപിച്ചേക്കും
kodikkunnil suresh
ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ
kodikkunnil suresh
'ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു'; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി
Summary

Kodikunnil Suresh Gains Support of Senior Congress Leaders for KPCC Chief Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER