'മരിക്കുമ്പോഴും ആ പാവം കരുതിയത് പാര്‍ട്ടി സെക്രട്ടറിയാണെന്നാണ്, ഗോവിന്ദനെ ചുമതല ഏല്‍പ്പിച്ച കാര്യം കോടിയേരിയെ അറിയിച്ചില്ല'

സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം, വൈകീട്ട് 4 മണിയോടെ ഗോവിന്ദന്‍ വീട്ടില്‍ വന്നു. പ്രത്യേകിച്ചെന്തെങ്കിലും ഉണ്ടായോ എന്ന് കോടിയേരി ചോദിച്ചപ്പോള്‍, ഒന്നുമില്ലെന്നായിരുന്നു മറുപടി
kodiyeri
kodiyeri
Author:
Updated on: 
1 min read

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റ ഭാര്യാ സഹോദരന്‍ എസ്ആര്‍ വിനയകുമാര്‍. കേടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ വിവരം പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് വിനയകുമാര്‍ ആരോപിച്ചു. 'മരണം വരെ കോടിയേരി താന്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. താന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്ന് വിശ്വസിച്ചാണ് ആ പാവം മരിച്ചത്,' വിനയകുമാര്‍ ആരോപിച്ചു.

സിപിഎം വിടുകയാണെന്ന് വിനയകുമാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടിയേരിയുടെ അന്ത്യനാളുകളെ കുറിച്ച് അദ്ദേഹം ന്യൂ ഇന്ത്യന്‍ എ്കസ്പ്രസിനോട് പറഞ്ഞത്. കോടിയേരിയോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചതെന്ന പാര്‍ട്ടി വാദവും അദ്ദേഹം തള്ളി. രോഗിയായ നേതാവിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

'കോടിയേരി ഒന്നും അറിഞ്ഞിരുന്നില്ല. അവസാന നിമിഷത്തിലും താന്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന ദിവസം പിണറായിയും യെച്ചൂരിയും എംഎം ബേബിയും വീട്ടില്‍ വന്നിരുന്നു. എന്തിനാണ് അവര്‍ വന്നതെന്ന് കോടിയേരി ചോദിച്ചു. എന്നാല്‍ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിരുന്നില്ല,' വിനയകുമാര്‍ പറഞ്ഞു.

'യോഗശേഷം യെച്ചൂരിയും എംഎ ബേബിയും ഒപ്പം പിണറായി വീട്ടില്‍ തിരിച്ചെത്തുകയും കോടിയേരിയുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവര്‍ പോയ ഉടന്‍ തന്നെ ഞാനും സഹോദരിയും മുറിയില്‍ കയറി. അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആലോചിക്കുന്നുണ്ടോ എന്ന് സംശയിച്ച്, ഞാന്‍ അദ്ദേഹത്തോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അന്തരിച്ച ബംഗാളിലെ നേതാവ് അനില്‍ ബിശ്വാസിനെ കുറിച്ചാണ് സംസാരിച്ചതെന്നാണ് പറഞ്ഞത്.

'സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം, വൈകീട്ട് 4 മണിയോടെ ഗോവിന്ദന്‍ വീട്ടില്‍ വന്നു. പ്രത്യേകിച്ചെന്തെങ്കിലും ഉണ്ടായോ എന്ന് കോടിയേരി ചോദിച്ചപ്പോള്‍, ഒന്നുമില്ലെന്ന് എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ഇതിനെല്ലാം ഞാന്‍ സാക്ഷിയാണ്,' വിനയകുമാര്‍ പറഞ്ഞു.

കോടിയേരിയുടെ കുടുംബവും സിപിഎം നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ആരോപണം. കൂടുതല്‍ കാര്യങ്ങള്‍ കുടുംബം തുറന്നുപറയാന്‍ തയ്യാറായില്‍ അത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

അതേസമയം, വിനയകുമാറിന്റെ ആരോപണങ്ങളോട് കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി വിടുമ്പോള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവ. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER