ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി

എന്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ലെന്ന് കോടിയേരി ചോദിച്ചു
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ പദവിയിൽ നിന്നും മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം.  മാധ്യമ പ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിൽ പൗരസമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയതെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 

ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ല. എന്നാൽ, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്കു മുന്നിൽ ഈ സർക്കാർ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്ക് എതിരെ കോൺഗ്രസ് നടത്തുന്ന സമരത്തിൽ ഒരു ന്യായവുമില്ലെന്നും കോടിയേരി പറഞ്ഞു. കരിങ്കൊടി മറവിലെ കോൺഗ്രസിന്റെ അക്രമസംഭവങ്ങൾ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 

ഭരണഘടന വ്യവസ്ഥപ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ അധികാരത്തിലേറ്റിയതാണ് എൽഡിഎഫ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനെ. അദ്ദേഹം ഒരു മുന്നണിയുടെയും കക്ഷിയുടെയും നേതാവാണെങ്കിലും കേരളത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. ആ ഭരണാധികാരിയെ കാറിലാകട്ടെ, വിമാനത്തിലാകട്ടെ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്നും ആക്രമിക്കുമെന്നും വന്നാൽ അത് ജനാധിപത്യത്തിന്റെ ‘ലക്ഷ്മണരേഖ’ ലംഘിക്കലാണ്. 

കേരളം നശിച്ചാലും വേണ്ടില്ല, കേരളീയർ കഷ്ടപ്പെട്ടാലും വേണ്ടില്ല പിണറായി ഭരണം പോയാൽ മതി എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷങ്ങൾ. ഇത് ‘മകൻ ചത്തിട്ടാണേലും മരുമകളുടെ കണ്ണീര് കണ്ടാൽ മതി’ എന്ന ചീത്ത ചിന്തയാണ്.സർക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കിൽ അതിൽ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. 

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ? അങ്ങനെയെങ്കിൽ എന്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ലെന്ന് കോടിയേരി ചോദിച്ചു. മുഖ്യമന്ത്രി വ്യക്തിപരമായോ പദവി ഉപയോഗിച്ചോ ഒരു അഴിമതിയും നടത്തിയിട്ടില്ല. 

മോദിക്കും കേന്ദ്ര മന്ത്രിമാർക്കും എതിരെ റഫേൽ വിമാന ഇടപാടുമുതൽ പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ക്രമക്കേടും പെഗാസസുംവരെ പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നു. ചിലതെല്ലാം കോടതിയുടെ പരിഗണനയിലുമാണ്. അതുപോലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ ഉൾപ്പെടെ ഇഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നു എന്ന് കോൺഗ്രസുതന്നെ പരാതിപ്പെടുന്നു. എന്നിട്ടും മോദിക്കെതിരെ കോൺഗ്രസ് എന്തേ കരിങ്കൊടി കാട്ടാത്തത്. ലേഖനത്തിൽ കോടിയേരി ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com