

മലപ്പുറം: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പൊലീസ് സേനാംഗങ്ങളേയും നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടന്‍ തന്നെ തങ്ങളെല്ലാം ഇടപെട്ടതായും കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പൊലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയില്‍ നാം കൂടുതല്‍ ചര്‍ച്ച ചെയ്തത്.
വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചത്. അതേസമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates